ഷെൽട്ടർ ഹോമിൽ നിന്നും പെൺകുട്ടികൾ കാണാതായ സംഭവം; നാട്ടുകാർ പറഞ്ഞ കാര്യങ്ങൾ പൊള്ളിക്കുന്നത്

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുമാണ് രണ്ട് ദിവസ മുംമ്പ് ഒന്‍പതു കുട്ടികളെ കാണാതെ പോയത് വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിയൊരുക്കി. കാണാതെ പോയ കുട്ടികളെ പിന്നീട് എറണാകുളം ജില്ലയിലെ ഇലഞ്ഞി എന്ന സ്ഥലത്ത് നിന്നും കണ്ടെത്തി പോലീസ്. പോക്‌സോ കേസിലെ അതിജീവിതയടക്കമുള്ള 9 കുട്ടികളാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും പുറത്തേക്ക് പോയത്. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ഇവിടെയുള്ള സകലമാന പുരോഗമന – സാംസ്‌കാരിക- ബുദ്ധിജീവി മേസന്മാര്‍ അണിനിരന്ന് അമ്പത് ലക്ഷത്തിന്റെ വമ്പന്‍ മതിലു പണിത, രാഷ്ട്രീയ മേലാളന്മാരുടെ കുഞ്ഞുമക്കള്‍ക്ക് ഡയപ്പറു കെട്ടികൊടുക്കുന്ന ബാലാവകാശ കമ്മിഷനുള്ള, എന്നാ പിന്നെ അനുഭവിച്ചോ മോഡ് വനിതാ കമ്മിഷനുള്ള കേരളത്തിലെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുമാണ് രണ്ട് ദിവസ മുംമ്പ് ഒന്‍പതു കുഞ്ഞുങ്ങളെ.(പോക്‌സോ കേസ് അതിജീവതയടക്കം) കാണാതായത്. ആ കുഞ്ഞുങ്ങളെ പിന്നീട് കണ്ടെത്തിയെങ്കിലും ആ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പറഞ്ഞതിലെ ചില വാചകങ്ങള്‍ പൊള്ളിക്കുന്നതാണ്.

എന്നാല്‍ എറ്റവും ഗൗരവതരമായി ചര്‍ച്ചചെയ്യപ്പെടേണ്ടതായ ഒരു സാമൂഹൃ വിഷയത്തില്‍ ഇവിടുത്തെ സാംസ്‌കാരിക- സ്ത്രീപക്ഷ – പുരോഗമന – ലിബറലുകളെല്ലാം പതിവുപോലെ പുറംതിരിഞ്ഞ് നില്ക്കുകയാണ്. ആ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ നേരിടുന്ന പീഡനത്തെ കുറിച്ച് നാട്ടുകാര്‍ പറഞ്ഞതോ അവിടെ നിന്നും എന്തുകൊണ്ട് രണ്ടാമത്തെ പ്രാവശ്യവും കുട്ടികള്‍ ചാടിപ്പോയി എന്നതിനെ കുറിച്ചോ ഒരന്വേഷണം വേണമെന്ന് പറയാനോ എന്തുകൊണ്ട് നമ്മളിടങ്ങളിലെ പ്രബുദ്ധ സ്ത്രീപക്ഷ സിംഹിണികള്‍ക്ക് നാവ് പൊന്തുന്നില്ല?

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള, അല്ലെങ്കില്‍ ശിശുക്ഷേമസമിതിയുടെ കീഴില്‍ വരുന്ന ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നും റെസ്‌ക്യൂ ഹോമുകളില്‍ നിന്നും കുട്ടികള്‍ ചാടിപ്പോകുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ബാലികാമന്ദിരത്തില്‍നിന്ന് ആറ് കുട്ടികള്‍ ഇറങ്ങിപ്പോയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് സ്ഥാപനത്തിലെ അധികാരികള്‍ ഇക്കാര്യം അറിഞ്ഞതുതന്നെ. അയല്‍സംസ്ഥാനത്ത് അപരിചിതരായ ആളുകള്‍ക്കരികിലേക്ക് എത്തിയ ആ കുട്ടികളെ കേരള പൊലീസ് സംഘം പിന്നീട് കണ്ടെത്തുകയായിരുന്നു.

സുരക്ഷിതമായ ഇടം എന്ന് വിശ്വസിപ്പിച്ച് പാര്‍പ്പിച്ചിരുന്ന സ്ഥാപനത്തിലെ അരക്ഷിതാവസ്ഥയാണ് അവിടം വിട്ടുപോകുവാന്‍ പ്രേരിപ്പിച്ചത് എന്നാണ് അന്ന് ആ കുട്ടികള്‍ വെളിപ്പെടുത്തിയത്.വീണ്ടും അതേ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതില്‍ പ്രതിഷേധമറിയിക്കാന്‍ ഒരു പെണ്‍കുട്ടി ജനല്‍ചില്ല് പൊളിച്ച് കൈമുറിക്കുകയുണ്ടായിയെങ്കിലും പിന്നീട് അതേ കുറിച്ച് വാര്‍ത്തയോ ചര്‍ച്ചയോ ഒന്നും ഒരിടത്തും കണ്ടില്ല. അല്ലെങ്കിലും ഇതിലൊന്നും ഇടപെടാന്‍ ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് നേരമില്ലല്ലോ!

ഷെല്‍ട്ടര്‍ എന്നാല്‍ അഭയമാണെന്നും ഹോം എന്നാല്‍ വീടാണെന്നുമാണ് വിവക്ഷ. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇത് പലപ്പോഴും തടവറയായി അര്‍ത്ഥവ്യത്യാസം സംഭവിക്കുമ്പോള്‍ അഭയം തേടിയെത്തിയവര്‍ അവിടെ നിന്നും പുറത്തുകടക്കാന്‍ വെമ്പല്‍ കൊള്ളുന്നു. സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക കാരണങ്ങളാല്‍ സ്വന്തം വീടുകളില്‍ താമസം അസാധ്യമായവര്‍, രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ കഴിയാത്തവിധം വീട്ടില്‍നിന്ന് വഴിതെറ്റി എത്തിയവര്‍, കേസുകളില്‍ പെട്ടവര്‍, പീഡനം, ഗാര്‍ഹിക അതിക്രമം തുടങ്ങിയ കേസുകളില്‍ ഇരയാക്കപ്പെട്ട് പ്രത്യേകസംരക്ഷണവും പരിചരണവും ആവശ്യമായവര്‍ ഒക്കെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി)കളുടെ നിര്‍ദേശാനുസരണം ഇത്തരം ചില്‍ഡ്രന്‍സ് ഹോമുകളില്‍ എത്തുന്നത്.

എല്ലാ ഷെല്‍ട്ടറുകളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതല്ല. ചിലതൊക്കെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോള്‍ കുട്ടികള്‍ ചാടിപ്പോയ സ്ഥാപനമാവട്ടെ മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമാണ്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാരിന്റെ ഗ്രാന്റിനു വേണ്ടി മാത്രം നടത്തപ്പെടുന്ന സ്വകാര്യ എന്‍ജിഒ കള്‍ പലപ്പോഴും വില്ലന്മാരാവാറുണ്ട്.

എങ്കിലും എന്തിനാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലുള്ള അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനങ്ങളൊക്കെ കുട്ടികളുടെ സംരക്ഷണത്തിനെന്ന പേരില്‍ ഇവിടെ നിലനിര്‍ത്തിയിരിക്കുന്നതെന്ന ചോദ്യം ചോദിക്കാന്‍ പ്രബുദ്ധ കേരളത്തില്‍ ഒരുത്തനും ഒരുത്തിക്കും നാവ് പൊന്തില്ല.

അഭയകേന്ദ്രങ്ങളും ബാല-ബാലികാ മന്ദിരങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികമായും സാമൂഹികമായും പിന്‍ബലവും നല്‌കേണ്ടതും
പോരായ്മകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അവ തിരുത്താന്‍ സാഹചര്യവുമൊരുക്കേണ്ട ഇടങ്ങളാണ്. അങ്ങനെയാവേണ്ട ഇടങ്ങളില്‍ നിന്നുമാണ് തുടര്‍ച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. അതിനര്‍ത്ഥം ഇത്തരം കേന്ദ്രങ്ങള്‍ പലപ്പോഴും തടങ്കല്‍പാളയങ്ങളോ പീഡനകേന്ദ്രങ്ങളോ ആയി മാറുന്നുവെന്നതല്ലേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രൂപവത്കരിച്ച ശിശുക്ഷേമ സമിതി എന്നേ അതിന്റെ ലക്ഷൃത്തെ മറന്ന് വെറും രാഷ്ട്രീയ നോക്കുകുത്തി കേന്ദ്രമായി മാറി.

സാമൂഹികപ്രതിബദ്ധതയുള്ള അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും ഒക്കെ അടങ്ങിയതാവണം ശിശുക്ഷേമ സമിതി എന്ന് വ്യവസ്ഥയുണ്ടെങ്കിലും കുറെയേറെക്കാലമായി രാഷ്ട്രീയ വീതം വയ്പ്പാണല്ലോ ഇവിടെ നടക്കുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നടന്ന കുപ്രസിദ്ധമായ കുട്ടിക്കടത്ത് കേസില്‍ നാം കണ്ടതാണല്ലോ ഇവറ്റകളുടെ സാമൂഹൃപ്രതിബദ്ധത.

ശിശു സൗഹാര്‍ദ്ദ സംസ്ഥാനമെന്നാണ് പേരെങ്കിലും പലപ്പോഴും നടക്കുന്നത് ശിശു ദ്രോഹപരമായ കാര്യങ്ങള്‍. ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും തുടങ്ങി നൂറ് കണക്കിന് കമ്മിഷനുകളുണ്ടെങ്കിലും അതെല്ലാം ചെയ്യുന്നത് അടിമപ്പണി. ആയിരകണക്കിന് സാംസ്‌കാരിക നായികാ-നായകന്മാരുണ്ടെങ്കിലും അവറ്റകളെല്ലാം പട്ടേലരുടെ സെന്റ് മണക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍.

എത്രയോ സ്ത്രീപക്ഷവാദികളുണ്ടെങ്കിലും അവരുടെ സ്റ്റേറ്റ്‌മെന്റ് വരണമെങ്കില്‍ വീട്ടില്‍ ഒന്നുകില്‍ മത്തി പൊരിക്കണം, അല്ലെങ്കില്‍ എവിടെയെങ്കിലും രാത്രി നടത്ത പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കണം. എണ്ണമറ്റ പൊ .ക ടീമുകള്‍ ഉണ്ടെങ്കിലും അവറ്റകള്‍ വായ തുറക്കണമെങ്കില്‍ സംഭവം നടക്കുന്നത് ഉത്തരേന്ത്യയിലോ അഭയകേന്ദ്രം നടത്തിപ്പുകാര്‍ സവര്‍ണ്ണരോ ആവണം. ഇതിപ്പോള്‍ നടന്നത് കോട്ടയം മാങ്ങാനത്താകയാല്‍ സകലമാന പൊ.ക – പുരോ- സ്ത്രീ- ബുദ്ധിജീവി പ്രൊഫൈലുകളിലും പട്ടി പെറ്റു കിടക്കുന്ന പ്രതീതിയാണ്.