ജനങ്ങളെ പിഴിയാൻ സർക്കാർ, സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിവ്

തിരുവനന്തപുരം : ഖജനാവ് കാലിയാണെന്ന് അക്കമിട്ടു നിരത്തുന്ന ബജറ്റ് ആണ് ഇക്കുറി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ജനങ്ങളെ പിഴിഞ്ഞ് ഖജവാനിൽ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് അധികവും.

ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിക്കുമെന്നുള്ളത്. സർ‌ക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. പണം നൽകാൻ നിരവധിപേർ സന്നദ്ധരാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇതിനിടെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി വകയിരുത്തിയിട്ടുണ്ടെന്നും ബാല​ഗോപാൽ അറിയിച്ചു. അതേസമയം, കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ ആണെന്നും കേന്ദ്ര അവഗണക്കെതിരെ സ്വന്തം നിലയ്‌ക്കെങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം എന്നും മന്ത്രി പറഞ്ഞു. തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാകില്ല കേരളം എന്നതാണ് വികാരമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് ശത്രുതാ മനോഭാവമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം കേന്ദ്രം ഏര്‍പ്പെടുത്തി. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനാകില്ല. വികസന പദ്ധതികള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.