കുണ്ടന്നൂരിലെ സ്ഫോടനം; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തൃശൂര്‍ : കുണ്ടന്നൂരില്‍ വെടിപ്പുരയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലെ വെടിക്കെട്ടു നിര്‍മാണ ശാലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സ്ഫോടനം ഉണ്ടായത്.

അമിട്ടില്‍ നിറയ്ക്കുന്ന വെടിമരുന്നു ഗുളികകള്‍ ഉണക്കാനിട്ടിരുന്നു. ഇതില്‍ നിന്ന് തീപിടിച്ചതാണെന്ന് സംശയിക്കുന്നു. സ്ഫോടനത്തിന്റെ ശബ്ദത്തില്‍ നാടു പ്രകമ്പനം കൊണ്ടു. അഞ്ചു കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടു. സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാട്ടുകാര്‍ പരിഭ്രാന്തരായി.

അപകടത്തില് മരിച്ച മണികണ്ഠന്‍ ഉള്‍പ്പടെ അഞ്ച് പേരാണ് പടക്കപ്പുരയില്‍ ജോലി ചെയ്തിരുന്നത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയപ്പോൾ നാല് തൊഴിലാളികൾ കുളിക്കാനായി പോയിരിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് മണികണ്ഠൻ മടങ്ങിയെത്തി വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പൊട്ടിത്തെറിയിലാണ് മണികണ്ഠന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ വെടിക്കെട്ട് പുരക്ക് സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു.

ലൈൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു.. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.