എസ്ഐ യുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മുതുകുളം: എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ഇടതുകാൽ തറയിൽമുട്ടി മടങ്ങിയ നിലയിലായിരുന്നു. വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നും. ബന്ധുക്കൾ ആരോപിച്ചു. വീടിന്റെ പിറകിൽനിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് മൊബൈൽ ഫോൺ കിട്ടിയത്. വീട്ടിൽനിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ടകാര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു.

കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മുതുകുളം രണ്ടാംവാർഡ് ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ. സുരേഷ് കുമാറിന്റ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണു മൃതദേഹം കണ്ടത്. രാവിലെ എട്ടുമണിയോടെ സുരേഷ് കുമാറിന്റെ ഭാര്യയാണു മൃതദേഹം കണ്ടത്. സുഹൃത്തുക്കളുടെ ഒത്തുചേരലിനായി സുരേഷ് കുമാർ ഞായറാഴ്ച മൂന്നാറിലേക്കു പോയിരുന്നു.

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ (സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകൻ സൂരജ്(23) ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിനു പോകുകയാണെന്നു പറഞ്ഞാണ് സൂരജ് വീട്ടിൽനിന്നിറങ്ങിയത്. ഒരു സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. തിരികെ എത്താഞ്ഞ്, തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.

സൂരജിനെ അന്വേഷിക്കുന്നതിനിടെയാണ് വീട്ടിൽനിന്നു 10 കിലോമീറ്ററിലധികം ദൂരത്തുളള സുരേഷ് കുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ചുവെന്നറിയുന്നത്. സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ ഒരുമിച്ചു പഠിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ വീട്ടിൽ സൂരജ് എത്തിയതായും വീട്ടുകാരുമായി തർക്കമുണ്ടായതായും പറയുന്നു. ഇതിന്റെ കാരണം വ്യതമല്ല.

വഴക്കിന് ശേഷം അവിടെനിന്നുപോയ സൂരജ് തിരികെയെത്തി തൂങ്ങിയതാകാമെന്നാണു നിഗമനം. മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലും മൃതദേഹം കണ്ടസ്ഥലത്തുനിന്ന് അൽപ്പംമാറി കണ്ടെടുത്തു. ബൈക്ക് 150 മീറ്ററോളം അകലെയാണു വെച്ചിരുന്നത്. ശാസ്ത്രീയ, വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണംപിടിച്ച നായ ബൈക്ക് വെച്ചിരുന്ന സ്ഥലംവരെ ഓടി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സൂരജിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം.