നിഹാലിനെ അവസാനമായി ഒരുനോക്ക് കാണാൻ പിതാവ് നാട്ടിലേക്ക് തിരിച്ചു, ഖബറടക്കം ഇന്ന്

കണ്ണൂർ: തെരുവ്നായ ആക്രമണത്തിൽ കൊല്ലപ്പെട്ട 11കാരന്‍ നിഹാല്‍ നൗഷാദിനെ കാണാൻ അച്ഛൻ നൗഷാദ് വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു. അതിദാരുണമായ സംഭവമാണ് ഉണ്ടായത്. സംസാരിക്കാൻ പോലും ശേഷിയില്ലാത്ത കുട്ടിയാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്.

അതുപോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചതെന്നും നാട്ടുകാർ പറയുന്നു. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് അയൽവാസികൾ പറയുന്നു. സംസാരശേഷി ഇല്ലാതിരുന്നതിൽ കുട്ടിക്ക് ഒച്ചവയ്ക്കാനും ആയില്ല. നായ്ക്കൾ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ പോയത്. ചെന്നപ്പോൾ ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നതാണ് കണ്ടതെന്ന് അയൽക്കാർ പറയുന്നു.