സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി, ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്‌തേക്കും

ആലപ്പുഴ : ആവേശം സിനിമയെ അനുകരിച്ച് കാറിനുളളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുളള യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. സഞ്ജുവിന്റെ യൂട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മൊബൈലിൽ ഷൂട്ട് ചെയ്തുളള ‌ഡ്രൈവിംഗ്,160 കിലോമീറ്ററിലുളള ‌ഡ്രൈവിംഗ്, തുടങ്ങിയവയാണ് വിശദ പരിശോധനയിൽ ആർടിഒയുടെ ശ്രദ്ധയിൽപ്പെട്ടത്.

സഞ്ജുവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാനും സഞ്ജുവിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനും യൂട്യൂബർക്കെതിരെ കേസുണ്ട്. തുടർച്ചയായ നിമയലംഘനങ്ങൾ കണക്കിലെടുത്ത് സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യാനും ആലോചനയുണ്ട്.

വാഹനങ്ങളിൽ രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ വെളളിയാഴ്ച ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ അറിയിക്കണം. ആവശ്യമെങ്കിൽ നോട്ടീസ് നൽകി നടപടിയെടുക്കും.