വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ്, വാട്ടർ മെട്രോ ഉദ്ഘാടനം, ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിടൽ, മോദി ചൊവ്വാഴ്ച നിർവഹിക്കും

തിരുവനന്തപുരം . രണ്ട് ദിവസത്തെ കേരള സന്ദർശത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ ആദ്യത്തെ വാട്ടർ മെട്രോയും മോദി ഉദ്ഘാടനം ചെയ്യുന്നുന്നതാണ്. ഒപ്പം തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന് മോദി തറക്കല്ലിടും. ഇത് രാജ്യത്തെ തന്നെ ആദ്യത്തേതാണ്. ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിന്റെ വിജ്ഞാന രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജമാകും എന്നാണു കണക്കാക്കുന്നത്.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്റ്റീവ് – ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കുന്നതാണ്.