വെറും 270 രൂപയ്ക്ക് മൂന്ന് വീടുകൾ വാങ്ങി 49-കാരി, ഇറ്റലിയിലെ മുസോമെലിയിൽ വിലക്കുറവിൽ വീടുകൾ വാങ്ങാം

വെറും 270 രൂപയ്ക്ക് മൂന്ന് വീടുകൾ വാങ്ങിയെന്നു പറഞ്ഞാൽ ഈ ലോകത്ത് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. എന്നാൽ വിശ്വസിച്ചേ മതിയാകൂ. സംഗതി സത്യമാണ്. 49-കാരിയായ കാലിഫോർണിയ സ്വദേശിയായ റൂബിയ ഡാനിയേൽസ് മൂന്ന് വീടുകൾ വാങ്ങിയത് വെറും 270 രൂപയ്ക്കാണ്. മൂന്ന് വർഷം മുൻപാണ് ഇറ്റലിയിലെ മുസോമെലി എന്ന പ്രദേശത്ത് ഒരു വീടിന് 90 രൂപ നിരക്കിൽ റൂബിയ മൂന്ന് വീടുകൾ സ്വന്തമാക്കുന്നത്.

ഇപ്പോൾ വീടുകൾ പുതുക്കിപ്പണിയുകയാണ് റൂബിയ. കുറഞ്ഞുവരുന്ന ജനസംഖ്യയെ ചെറുക്കാൻ വിലക്കുറവിൽ പ്രോപ്പർട്ടികൾ വാഗ്ദാനം ചെയ്യുന്ന ഇറ്റലിയിലെ നിരവധി ചെറുപട്ടണങ്ങളിൽ ഒന്നാണ് മുസോമെലി. അവിടെയാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനസംഖ്യ കുറയുന്ന പ്രശ്നം നേരിടുന്ന നിരവധി ചെറിയ ഇറ്റാലിയൻ പട്ടണങ്ങളിൽ കുറഞ്ഞ വിലകളിൽ വീടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജനസംഖ്യ കുറഞ്ഞ, വിജനമായ ഗ്രാമപ്രദേശങ്ങളിൽ സ്ഥിര താമസക്കാരെ കൊണ്ടുവന്ന് നഗരങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുസോമെലിയിൽ കുറഞ്ഞ വിലയ്ക്ക് റൂബിയക്ക് വീടുകൾ കിട്ടിയത്. കുറഞ്ഞ വിലയിൽ വീടുകൾ വിൽപ്പനയ്ക്ക് എന്നത് കേട്ടപ്പോൾ താൻ അതിശയിച്ചുവെന്നും സത്യമാണോ എന്നറിയാൻ അന്വേഷണങ്ങൾ നടത്തിയെന്നും ആണ് റൂബിയ ഇതിനെ പറ്റി പറയുന്നത്. എല്ലാം കാര്യങ്ങളും പരിശോധിച്ച ശേഷമാണ് റൂബിയ കാലിഫോർണിയയിൽ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെടുന്നത്.

പുതുക്കി പണിയുന്നതിനായി മൂന്ന് വീടുകൾക്കും വ്യത്യസ്തമായ പ്ലാനുകളാണ് റൂബിയ തീരുമാനിച്ചിരിക്കുന്നത്. ഒരു വീട് ആർട്ട് ഗാലറിയാക്കി മാറ്റാനും മറ്റൊന്ന് വെൽനെസ് സെന്റർ ആക്കാനും, ഒന്ന് തനിക്ക് താമസിക്കാനുള്ള സൗകര്യാര്‍ത്ഥം പുതുക്കി പണിയാനുമാണ് റൂബിയ പദ്ധതിയിട്ടിട്ടുള്ളത്. 2019 ൽ റൂബിയ തന്റെ വീടുകൾ പുതുക്കിപ്പണിയാൻ തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് കാലമായതി നാൽ പണി നീണ്ടുപോകുകയായിരുന്നു. രണ്ട് വീടുകളുടെ പുറമേയുള്ള പണികള്‍ ഏകദേശം ഇപ്പോൾ പൂര്‍ത്തിയായിരിക്കുകയാണ്.