കുതിച്ചുയര്‍ന്ന് വീണ്ടും ഭീതി പരത്തി കോവിഡ്, 5,676 പുതിയ കേസുകള്‍, മാസ്‌ക് നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി . രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,676 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.88% വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81% ആയി. രാജ്യത്തുടനീളം കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പല സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.

ഹരിയാനയില്‍, എല്ലാ ആരോഗ്യ പ്രവര്‍ത്തകർക്കും നൂറിലധികം ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. ചണ്ഡിഗഢിലും മാസ്‌ക് ധരിക്കുന്നതുള്‍ പ്പെടെയുളള കോവിഡ് മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി. ഡല്‍ഹിയില്‍, പനി ഉള്‍പ്പെടെയുളള ലക്ഷണങ്ങളുള്ളവരോട് മാസ്‌ക് ധരിക്കാനും പൊതുസ്ഥല ങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കാനും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.

മുംബൈയിലെ എല്ലാ സിവില്‍ ഹോസ്പിറ്റലുകളിലും ജീവനക്കാര്‍ക്കും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയെന്ന നിലയില്‍ സിവില്‍ ആശുപത്രികളിലെ മാസ്‌ക് നിര്‍ബന്ധം എന്ന നടപടി തിരികെ കൊണ്ടുവന്നതായി മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഎംസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.