വിചാരധാരയിൽ പറയുന്നത് അന്നത്തെ സാഹചര്യം, വിമർശനത്തെ തള്ളി തലശ്ശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂര്‍. റബ്ബറിന്റെ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കാമെന്ന് പറഞ്ഞതിന് വിമര്‍ശനവുമായി എത്തുന്നവര്‍ വിചാരധാരയെ ആയുധമാക്കുന്നതിനെ തള്ളി തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വിചാരധാരയില്‍ പറയുന്ന കാര്യങ്ങള്‍ ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണെന്നും ആ സാഹചര്യങ്ങളെ മനസ്സിലാക്കുവാനുള്ള പക്വത പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ചിര്‍ലര്‍ കര്‍ഷിക വിഷയത്തെ വര്‍ഗീയ വിഷയമാക്കുവാന്‍ ശ്രമിക്കുകയാണ്. റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വില തകര്‍ച്ച സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2024-ല്‍ ലോക്‌സഭ തിരിഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ വരെ വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് സിപിഎം കേരളത്തില്‍ രംഗത്തെത്തിയിരുന്നു. വിചാരധാരയില്‍ ക്രിസ്ത്യാനികളെ ശത്രുക്കളായി പറയുന്നുവെന്നാണ് സിപിഎം ആരോപിച്ചത്.