മദ്യ പരിശോധനയിൽ പരാജയപ്പെട്ടരുടെ വിവരം പുറത്ത്

ഡൽഹി ∙ വിമാനം പുറപ്പെടുന്നതിനു മുൻപുള്ള മദ്യ പരിശോധനയിൽ പരാജയപ്പെട്ട ജീവനക്കാരുടെ വിവരം പുറത്തുവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2022 ജനുവരി ഒന്നിനും ഏപ്രിൽ 30നും ഇടയിൽ 9 പൈലറ്റുമാരും 32 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് പരിശോധനയിൽ ‘പോസിറ്റീവ്’ ആയതെന്ന് ഡിജിസിഎ വ്യക്തമാക്കി.

രണ്ടു വട്ടം പരിശോധനയിൽ പോസിറ്റീവ് ആയ 2 പൈലറ്റുമാരെയും 2 ക്യാബിൻ ക്രൂ അംഗങ്ങളെയും മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബെർത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ആദ്യമായി പോസിറ്റീവ് ആയ ബാക്കി 7 പൈലറ്റുമാരെയും 30 ക്യാബിൻ ക്രൂ അംഗങ്ങളെയും 3 മാസത്തേക്കും സസ്പെൻ‌ഡ് ചെയ്തു.

കോക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തിൽ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുൻപ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു.