ചെക് ഡാം തുറക്കുന്നതിനിടെ പലകയിൽ കൈ കുടുങ്ങി, 53കാരൻ മരിച്ചു

കോട്ടയം : ചെക് ഡാം തുറക്കുന്നതിനിടെ മുങ്ങി മരണം. കരൂർ സ്വദേശി രാജു (53) ആണ് മരിച്ചത്. പാല കവറുമുണ്ടയിൽ ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് ഡാം കരകവിഞ്ഞതോടെ തുറന്നുവിടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.

ഡാം തുറക്കുന്നതിനായി വെള്ളത്തിനടിയിൽ മുങ്ങി പലക വലിക്കുന്നതിനിടെ രാജുവിന്റെ കൈകൾ പലകയിൽ കുടുങ്ങുകയായിരുന്നു. മൂന്ന് ഷട്ടറുകൾ മാറ്റിയ ശേഷം ഏറ്റവും അവസാനത്തെ ഷട്ടർ തുറക്കുന്നതിനായി പലകയിൽ കയർ കുരുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈകൾ കുടുങ്ങിയത്.

സംഭവം ആരും കണ്ടില്ല. തുടർന്ന് ഏറെ നേരം കഴിഞ്ഞും രാജുവിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ ഡാമിൽ മുങ്ങിത്തപ്പുകയായിരുന്നു. വെള്ളത്തിൽ നിന്ന് രാജുവിനെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പാല ജനറൽ ആശപത്രിയിലേക്ക് മാറ്റി.