വനിതാ നേതാവിനെ കഴുത്തിൽ പിടിച്ചു തള്ളി മർദിച്ച തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു

എൻസിപി വനിതാ നേതാവിനെ മർദിച്ച സംഭവത്തിൽ തോമസ് കെ തോമസ് എംഎൽഎക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. എൻസിപി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മർദിച്ച സംഭവത്തിലാണ് നടപടി. നാല് സംസ്ഥാന നേതാക്കളും ,ജില്ലാ നേതാക്കളും കേസിൽ പ്രതികളാണ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജോബിന് പെരുമാൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

എൻസിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നിൽ വച്ച് സംഘർഷമുണ്ടാകുമ്പോഴാണ് എൻസിപി നേതാക്കൾ കൂട്ടം ചേര്‍ന്ന് ആലിസ് ജോസിയെ മര്‍ദ്ദിക്കുന്നത്.

സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എംഎൽഎ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ എംഎൽഎക്കെതിരെ ആലിസ് ജോസി പോലീസിന് പരാതി നൽക്കുകയായിരുന്നു. പോലീസ്നടപടി ഉണ്ടാവാഞ്ഞ തിനെ തുട‍ര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. ഇപ്പോൾ കോടതി ഉത്തരവിനെ തുടര്‍ന്നാണ് എൻ സി പി നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ആലിസ് ജോസ് നോമിനേഷന്‍ കൊടുക്കാന്‍ എത്തുമ്പോഴാണ് ആക്രമണം ഉണ്ടാവുന്നത്. സംസ്ഥാന സമിതിയിലേക്ക് മത്സരിക്കാനായിരുന്നു ആലിസ് ജോസിന്റെ തീരുമാനം. എന്നാല്‍ തോമസ് കെ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഇവരെ നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തതോടെയാണ് സംഘർഷം ഉണ്ടായത്. ഇതിനിടെ എംഎല്‍എ ആലീസിനെ  കഴുത്തിൽ പിടിച്ചു തള്ളി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ആലീസിൻ്റെ കാലിന് പരിക്കേറ്റിരുന്നു. അതേസമയം ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ വാദം.