പൊട്ടക്കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങി, അഞ്ച് പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

നാസിക്: മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം കിണറ്റിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ ജീവനോടെ പുറത്തെടുത്തു

മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനിൽ കാലെ, അനിൽ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്‌ക്‌വാദ് എന്നിവരാണ് മരിച്ചത്. വകാഡി ഗ്രാമത്തിൽ ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണർ കർഷകൻ ബയോഗ്യാസിന്റെ സ്ലറി(ദ്രാവകരൂപത്തിലുള്ള ഒരു മിശ്രിതവളം) സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു.

പൂച്ചയെ രക്ഷിക്കാനായി ആദ്യം ഒരു കുടുംബാംഗം ഇറങ്ങാൻ തീരുമാനിച്ചു. കിണറ്റിൽ ഇറങ്ങുന്നതിനിടെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ ഇയാളെ രക്ഷിക്കാനായി മറ്റുള്ളവരും കിണറിൽ ഇറങ്ങി കുടുങ്ങിപ്പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളെ മാത്രമാണ് രക്ഷിക്കാനായത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെയാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.