മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും മനഃസാക്ഷിയില്ലാത്ത പെരുമാറ്റം. മാധ്യമങ്ങളാണ്, വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ അത് ഒരാളുടെ സ്വകാര്യതയെ ഒപ്പിയെടുത്തുകൊണ്ടാകരുത്. കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയപ്പോളും മാധ്യമപ്രവർത്തകർ കുട്ടിയുടെ വീട്ടിൽ കയറി ദൃശ്യങ്ങൾ പകർത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം സിദ്ധിഖിന്റെ മകന്റെ മരണത്തിലും ഉണ്ടായത്. എന്നാൽ മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം. അല്ലെങ്കിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ചിത്രം എടുക്കുന്നത് വിലക്കാം. മൃതദേഹങ്ങൾക്കും സ്വകാര്യത ഉണ്ട്. മരിച്ച് കഴിഞ്ഞാൽ ആരും തന്റെ മരിച്ച് കിടക്കുന്ന മുഖം കാണരുത് എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ നിയമ പ്രകാരം ആർക്കും രേഖപ്പെടുത്തി വയ്ക്കാം. അങ്ങിനെ ഉള്ള മരണങ്ങലും മൃതദേഹം പെട്ടിക്കുള്ളിലോ തുണിക്കുള്ളിലോ മറച്ച ശേഷം ആയിരിക്കണം പൊതുദർശനം

ഇപ്പോൾ നടൻ സിദ്ദിക്കിന്റെ മകൻ സാപ്പിയുടെ മൃതദേഹത്തിനു സമീപം വിവാഹ പാർട്ടി പോലെ വ്ളോഗർമാരും ഓൺലൈൻ ചാനലുകാരും ബഹളം വയ്ച്ചത് വൻ ചർച്ചയായിരിക്കുമ്പോൾ എങ്ങിനെ മരണ വീട്ടിൽ പെരുമാറണം എന്നും മരിച്ച ആളുടെ അവകാശങ്ങളും വ്യക്തമാക്കുകയാണ്‌ സുരേഷ് സി.പി.

മരിച്ച വ്യക്തിയുടെ വീട്ടുകാർക്ക് മൃതദേഹത്തോടൊപ്പം സ്വകാര്യമായി സമയം ചിലവഴിക്കാൻ നമ്മുടെ നാട്ടിലെ മരണ വീട് സന്ദർശകർ ഒരിക്കലും സമ്മതിക്കില്ല. രാത്രിയും പകലും ഒന്നും ഇല്ലാതെ മരിച്ച ആളുടെ തകർന്നിരിക്കുന്ന വീട്ടുകാരേ അവരുടെ സ്വകാര്യതയേ..എല്ലാം നശിപ്പിക്കും. മരിച്ചത് നേതാവോ സെലിബ്രേറ്റിയോ ആണേൽ പിന്നെ പറയാനും ഇല്ല…അവരുടെ വീട്ടുകാർക്ക് ഒന്ന് കണ്ണു നയിക്കാൻ പൊലും മരിച്ച ആളൊടൊപ്പം ഒരു മിനുട്ട് തനിച്ചിരിക്കാൻ പോലും നാട്ടുകാർ അനുവദിക്കില്ല. ക്രൂമരായ തിരക്കിൽ വേട്ടയാടും. നാട്ടുകാർക്ക് എന്ത്..മരിച്ചവരേ നഷ്ടപെടുന്നത് അവരുടെ കുടുംബത്തിനാണ്‌. ചലനമറ്റ ആ മൃതദേഹത്തോട് ആ കുടുംബത്തിനു അവസാനമായി പലതും പറയാനും കണ്ണീമ ചിമ്മാതെ ഒന്ന് നോക്കിയിരിക്കാനും ഒക്കെ എന്തൊരു കൊതിയുണ്ടാകും…

മരിച്ച വീട്ടിൽ തകർന്ന് തളന്നിരിക്കുന്നവരെ മാനസീകമായി വേട്ടയാടുന്ന ഒരു വിഭാഗമുണ്ട്. ഇത്തരക്കാർ മരിച്ച വീട്ടിലെത്തും വരെയും കളി ചിരി..മൃതദേഹത്തേയും വീട്ടുകാരേയും കണ്ടാൽ നെഞ്ചത്തടിയും നിലവിളിയും..മരിച്ച ആളുടെ കുടുംബത്തേ വീണ്ടും വേദന കുത്തി നിറച്ച് വേട്ടയാടുന്ന വിഭാഗം..ഇവിടെ മാന്യമായി പെരുമാറാൻ പൊലും അറിയില്ല പലർക്കും

ഇവിടെ സുരേഷ് പറയുന്നത് ഇങ്ങിനെ…

എങ്ങിനെയാണ് നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് അവരുടെ മരണശേഷമുള്ള സ്വകാര്യതയെയും, ബന്ധുക്കളുടെ സ്വകര്യതയെയും മാനിക്കുന്നത്?വിദേശത്ത് ഒക്കെ ഇതിനു കൃത്യമായ മാർഗ്ഗ രേഖകൾ ഉണ്ട്. എന്റെ രണ്ട് അനുഭവങ്ങൾ പറയാം.

ഏകദേശം പതിനഞ്ചു വർഷം മുൻപാണ്, ഒരു സഹപ്രവർത്തകന്റെ ഭാര്യ മരണപ്പെടുന്നു. അത്ര അടുപ്പം ഉള്ള ആളല്ല, എങ്കിലും ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ഡയറക്ടർ പോകുന്നുണ്ട്, കൂടെ ഞാനും ചെല്ലണം എന്ന് ആവശ്യപ്പെട്ടു. എനിക്കാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു പരിചയവും ഇല്ല.

ഞാൻ അദ്ദേഹത്തോട് പറഞ്ഞു “ഡേവിഡ്, എനിക്ക് പരിചയം ഇല്ല, ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത്‌, താങ്കൾ പറഞ്ഞു തരണം.”അദ്ദേഹം പറഞ്ഞു, “ഒന്നും അറിയാനില്ല സുരേഷ്, പൊതു സന്ദർശന സമയം അറിയണം, നിശബ്ദമായി നില്ക്കണം, ക്യൂ പാലിക്കണം ബാക്കി ഞാൻ അവിടെ ചെല്ലുമ്പോൾ പറയാം.”

ഞാൻ ചോദിച്ചു “പൊതു സന്ദർശന സമയമോ? അതെന്താണ്, ഞാൻ ഓർത്തു എപ്പോൾ വേണം എങ്കിലും മരണപ്പെട്ട വീടുകളിൽ പോകാം എന്ന്.”ഡേവിഡ് പറഞ്ഞു “അതായത് ‘മരണ അറിയിപ്പുകൾ’ പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറയും പൊതു ജനങ്ങൾക്കായുള്ള സമയം. ഇന്ന് നമ്മൾ കാണാൻ പോകുന്ന വ്യക്‌തിയുടെ സന്ദർശന സമയം വൈകുന്നേരം ആറു മുതൽ പത്തു വരെയാണ്. ബാക്കിയുള്ള സമയം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം ഉള്ളതാണ്.”

ഞാൻ ആലോചിച്ചു, എത്ര നല്ല ആശയമാണ്. ഇനിയും ഒരിക്കലും കാണാത്ത അവസ്ഥയിലേക്ക് പോകും മുൻപേ, വേണ്ടപ്പെട്ടവരുടെ കൂടെ വളരെ സ്വകര്യമായി സമയം ചിലവഴിക്കുക. നമ്മുടെ ദുഃഖം മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തേണ്ട കാര്യവും വരുന്നില്ല.

അങ്ങിനെ ആറു മണിയോടെ ഞാനും ഡേവിഡും അവിടെ ക്യൂ നിന്നു. ഏകദേശം ഇരുനൂറോളം പേരോളം ഉണ്ട്. ആരും സംസാരിക്കുന്നില്ല, ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, വളരെ അച്ചടക്കത്തോടെ ഓരോ ആൾക്കാരായി, ശവപ്പെട്ടിയുടെ ചുറ്റും നീങ്ങുന്നു. പത്തു നിമിഷത്തോളം അവിടെ നിൽക്കുന്നു. ഭർത്താവിന്റെ അടുത്തു ചെന്ന് ചിലർ മാത്രം ഷേക്ക് ഹാൻഡ് കൊടുക്കുന്നു, മുൻപോട്ടു നീങ്ങുന്നു.

ഇത് ഒരു Closed Casket ആയിരുന്നു. എന്ന് പറഞ്ഞാൽ നമ്മൾ ശവശരീരം കാണുന്നില്ല. ചില അവസരങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെയോ, കുടുംബങ്ങളുടെയോ തീരുമാനം ആയിരിക്കും ഇത്. [വേറൊരു അവസരത്തിൽ പങ്കെടുത്ത ഫ്യൂണറലിൽ Open Casket ആയിരുന്നു. അവിടെ നമുക്ക് ആളെ കാണാൻ പറ്റും].പുറത്തിറങ്ങി അവിടെ ഒരുക്കിയിരുന്ന ചായയും, ബിസ്കറ്റും കഴിച്ചാണ് തിരികെ പോന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വർഷങ്ങളോളം കൊണ്ട് ഉണ്ടാക്കിയെടുത്ത അച്ചടക്കം ആണിത്.

ഇതു പോലെയുള്ള അവസ്ഥ നാട്ടിൽ നടപ്പിൽ ആകാൻ ചിലപ്പോൾ അമ്പതോ, നൂറോ വർഷങ്ങൾ ഇനിയും എടുക്കും. എങ്കിൽപ്പോലും മരണപ്പെട്ട ആളിനെയും, ബന്ധുക്കളുടെയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ട ചില മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് പറയുന്നത്.

1. ഫോട്ടോഗ്രാഫി, വീഡിയോ എന്നിവ കർശനമായി നിയന്ത്രിച്ചിരിക്കുന്നു എന്ന് മരണപ്പെട്ട വീടുകളിൽ വലിയ അക്ഷരത്തിൽ എഴുതാം.

2. മൊബൈൽ ഫോൺ ഒരു കാരണവശാലും സന്ദർശന സമയത്ത് ഉപയോഗിക്കാൻ അനുവദിച്ചു കൂടാ.

3. മരിച്ച ആളിന്റെ ചിത്രം, വിവരങ്ങൾ, തുടങ്ങിയവ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങളിൽ ബന്ധുക്കളുടെ അനുവാദം കൂടാതെ ഇടാൻ അനുവദിക്കരുത്.

4. സന്ദർശന സമയം കൃത്യമായി പൊതു ജനങ്ങളെ അറിയിക്കുക. ഉദാഹരണത്തിന് ‘പൊതു സന്ദർശനം രാവിലെ പത്തു മുതൽ പന്ത്രണ്ടു മണി വരെ മാത്രം, ബാക്കിയുള്ള സമയം കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്, ദയവായി സ്വകര്യത മാനിക്കുക എന്ന അറിയിപ്പ് കൊടുക്കാം.

5. ക്യൂ പാലിച്ചേ മൃതദേഹം കാണാൻ അനുവദിക്കാവൂ.

6. മൃതദേഹത്തിന്റെ അടുത്ത് ഒരു മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കരുത് എന്ന മാർഗ്ഗനിർദ്ദേശവും കൊടുക്കാം.

7 . ഒന്നോ രണ്ടോ വോളന്റീയർമാർ ഇതൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കാനായി നിർത്താം.

8. “സ്വകാര്യത എന്നാൽ ആഡംബരം അല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണ് എന്ന കാര്യം ഓർമ്മപ്പെടുത്താം.

9. മരണ വീട്ടിൽ മൗനം ആണ് കൂടുതൽ ഉചിതം. ആവശ്യമെങ്കിൽ മാത്രം മരിച്ച ആളിന്റെ ബന്ധുക്കളും ആയി, അവർക്ക് ആശ്വാസകരമായ ചുരുക്കം വാക്കുകൾ ഉപയോഗിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഞാൻ പങ്കെടുത്ത ഫ്യൂണറൽ ചടങ്ങുകളിൽ കണ്ടിട്ടുള്ളത് വളരെ അടുപ്പം ഉള്ളവർ ““I am sorry for your loss (നിങ്ങളുടെ ഈ വലിയ നഷ്ടത്തിൽ എനിക്കും വേദനയുണ്ട്). അല്ലെങ്കിൽ “നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു” എന്ന് പറയുന്നതാണ്. അധികം അടുപ്പം ഇല്ലെങ്കിൽ മൗനമായി കുറച്ചു നിമിഷം നിന്നിട്ട് നിന്നിട്ട് മാന്യമായി തിരികെപ്പോരം.

10. ഏറ്റവും പ്രാധാന്യം ഉള്ളതും, നമ്മൾ പലപ്പോളും മറന്നു പോകുന്നതും ആയ ഒരു കാര്യമാണ്, മരിച്ചു കിടക്കുന്ന ആളിന്റെ സ്വകാര്യത. പ്രതീക്ഷിച്ചുള്ള മരണം ആണെങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞിട്ടുണ്ടാവും എങ്ങിനെയാണ് ബോഡി പ്രദർശിപ്പിക്കേണ്ടത് എന്ന്. അത് കൃത്യമായി പാലിക്കുക. ചിലർക്ക് മരണ ശേഷം തന്റെ ബോഡി പ്രദർശിപ്പിക്കാൻ താത്പ്പര്യം കാണില്ല. അങ്ങിനെ ഉള്ളപ്പോൾ ‘Closed Casket (അടച്ച ശവപ്പെട്ടി)’ എന്ന ആശയം നടപ്പിലാക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വളരെ പ്രചാരത്തിൽ ഉള്ള ഒരു രീതിയാണ്. തുറന്നു കാണുന്നത് വളരെ അടുപ്പം ഉള്ള ബന്ധുക്കൾക്ക് മാത്രമായി ചുരുക്കാം.

ജീവിതത്തിൽ എത്രയെത്ര മരണവീടുകൾ നാം കയറി ഇറങ്ങിയിരിക്കുന്നു. ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ചിലരുടെ മരണങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നു. ചില മരണ വീടുകൾ നമ്മുടെ മരണത്തെയും ഓർമ്മിപ്പിക്കുന്നു. മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. നാം മരണത്തെ സ്വന്തമാക്കിയെന്നു കരുതി നമ്മുടെ ശത്രുക്കളെ പോലും അസൂയപ്പെടുത്താത്ത നിധിയാണ് മരണം. മറുപടിയില്ലാത്ത ചോദ്യമാണ് മരണം. പരാജയപെടുത്താനാവാത്ത ശത്രുവാണു മരണം. മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും ചിതറിപ്പിക്കുന്ന മരുന്നാണ് മരണം. നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ മരണത്തിൽ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം.

തികഞ്ഞ അച്ചടക്കവും മര്യാദകളും പ്രകടിപ്പിക്കേണ്ട ഒരിടമാണ് മരണവീട്. അച്ഛന്‍, അമ്മ, സഹോദരന്‍,ഭാര്യ, ഭര്‍ത്താവ് എന്നിങ്ങനെ ആ വീട്ടിലെ ഓരോ അംഗങ്ങളോടും മരിച്ചു പോയ ആള്‍ ബന്ധിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ആ നഷ്ടം അനുഭവിച്ചു തന്നെ അറിയണം. ഓരോ മരണവും എത്രയോ അനാഥരെയാണ് സൃഷ്ടിയ്ക്കുന്നത്.കാഴ്ച്ചക്കാരായി കയറി ചെല്ലുന്നവര്‍ വീട്ടിലെ അംഗങ്ങളുടെ മാനസികാവസ്ഥ അറിഞ്ഞ് പെരുമാറിയേ പറ്റൂ.

ഔചിത്യബോധമില്ലാതെ നമ്മള്‍ക്ക് പരദൂഷണങ്ങളും, തമാശകളും കെട്ടഴിയ്ക്കാനുള്ളവയല്ല മരണ വീടുകള്‍. പെരുമാറ്റത്തില്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്താം. വളരെ കാലം കൂടി മരണ വീടുകളില്‍ വെച്ച് കണ്ടു മുട്ടുന്ന സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ ഉള്ള സ്‌നേഹം ഹസ്തദാനത്തിലൂടെയോ, ചേര്‍ത്തു നിര്‍ത്തലിലൂടെയോ പങ്കുവെയ്ക്കാം. ചിരിയും, തമാശകളും, സെല്‍ഫി എടുക്കലും സന്തോഷകരമായ മറ്റൊരവസരത്തിലേയ്ക്കായി മാറ്റി വെക്കാം. മരണ വീട്ടിലെ ജീവിച്ചിരിയ്ക്കുന്ന ഓരോരുത്തരെയായി പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന പരിപാടി നിര്‍ത്താം. അതായത്, മകന് സങ്കടമില്ല, മകള്‍ കരയുന്നില്ല, ഭാര്യ നെഞ്ചത്തടിച്ചില്ല ഇങ്ങനെയുള്ള കീറിമുറിക്കലുകള്‍ ഒഴിവാക്കാം. നിറപ്പകിട്ടും, ആര്‍ഭാടങ്ങളും ഒഴിവാക്കാം. മത, കാല, ദേശ, ഭാഷാന്തരമന്യേ മരണത്തിന്റെ നിറം കറുപ്പ് തന്നെയാണ്.. ഓര്‍ക്കുക. മരണം നമ്മുടെ കൂടെ തന്നെയുണ്ട്.