പൂർണന​ഗ്നരായി 2500 പേർ അണിനിരന്ന് ബോണ്ടി ബീച്ചിൽ വ്യത്യസ്ത ഫോട്ടോഷൂട്ട് – VIDEO

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 2500 പേർ ആൺ പെൺ വ്യത്യാസമില്ലാതെ ന​ഗ്നരായി അണി നിരന്ന് നടന്ന വ്യത്യസ്ത ഫോട്ടോഷൂട്ട് ലോക മാധ്യമങ്ങളിൽ വാർത്തയായി. സ്കിൻ കാൻസറിനെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാ​ഗമായിട്ടാണ് ആളുകൾ ബീച്ചിൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി ഈ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തത്.

നൂറുകണക്കിന് ആളുകൾ ശനിയാഴ്ച രാവിലെയാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ച് തീരത്ത് അണിനിരന്നത്. ഓസ്ട്രേലിയക്കാരെ പതിവായി ത്വക് പരിശോധന നടത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കിന്റെ നേതൃത്വത്തിലാണ് ഈ ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയത്.

ഇത്തരം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓർ​ഗനൈസേഷനു വേണ്ടി പണവും സംഘം ശേഖരിക്കുകയുണ്ടായി. പണം ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുപോലെ ഇതിന് മുമ്പും ആളുകളെ വച്ച് ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് സ്കിൻ ചെക്ക് ചാമ്പ്യൻസ് എന്ന ചാരിറ്റിയുമായി ചേർന്നാണ്.

ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറായ ‘മെലനോമ’യെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ യായിരുന്നു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഫെഡറൽ ​ഗവൺമെന്റ് കണക്കാക്കുന്നത് ഈ വർഷം ഓസ്‌ട്രേലിയയിൽ 17,756 പുതിയ സ്കിൻ കാൻസർ കേസുകൾ കണ്ടെത്തുമെന്നാണ്. അതുപോലെ, 1,281 ഓസ്‌ട്രേലിയക്കാർ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നുണ്ട്.

സ്കിൻ കാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താനായതിൽ സന്തോഷമുണ്ട് എന്നാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് പ്രശസ്ത ഫോട്ടോ ഗ്രാഫർ ട്യൂണിക് പറഞ്ഞിട്ടുള്ളത്. ഫോട്ടോഷൂട്ടിന്റെ വീഡ‍ിയോ ട്യൂണിക് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുള്ളത്.