പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ ലൈം​ഗികാതിക്രമം നടത്തി; രണ്ടാനച്ഛന് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും

പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തി. പ്രതിക്ക് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും വിധിച്ച് കോടതി. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മൂന്നുവര്‍ഷം തടവും ഒരു ലക്ഷംരൂപ പിഴയും വിധിച്ചിട്ടുണ്ട്.

പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. 2023-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ 45 വയസ്സുകാരനായ പ്രതി വീട്ടില്‍വെച്ച് അമ്മയുടെ അറിവോടെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് എസ്റ്റേറ്റ് പടി സ്വദേശിയാണ് പ്രതി. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടിതി ഉത്തരവിട്ടു.

17 സാക്ഷികളെ വിസ്തരിച്ച് 23 രേഖകള്‍ ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.