പ്രണയം വിലക്കി ഒരു സ്കൂൾ, ഹസ്തദാനവും ആലിംഗനവും വേണ്ട, സ്പർശിച്ച് കളിക്കേണ്ട

സ്കൂൾ പരിസരത്തു വിദ്യാർഥികൾ തമ്മിലുള്ള ഹസ്തദാനവും ആലിംഗനവും പ്രണയവും വിലക്കിയ സ്കൂൾ ലോക വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയ്ക്കെന്ന പേരിൽ വിചിത്ര നിർദേശമിറക്കിയിരിക്കുകയാണ് ബ്രിട്ടനിലെ ഒരു സ്കൂൾ. സ്കൂൾ പരിസരത്ത് വിദ്യാർഥികൾ തമ്മിലുള്ള ഹസ്തദാനവും ആലിംഗനവും സ്കൂൾ വിലക്കി. ചെംസ്ഫോഡിലെ ഹൈലാൻഡ്സ് സ്കൂളിലെ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേഷനാണ് വിചിത്രമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഹസ്തദാനത്തിനും ആലിംഗനത്തിനും പുറമേ പ്രണയബന്ധങ്ങൾക്കും സ്കൂളിൽ വിലക്കേർപ്പെടുത്തി.

ഹസ്തദാനം, ആലിംഗനം, പ്രണയബന്ധം, മർദനം എന്നിവ പാടില്ലെന്നും വിദ്യാർഥികളിൽനിന്നു ഫോൺ പിടികൂടിയാൽ അവരെ ആ ദിവസം സുരക്ഷിതമായി പൂട്ടിയിടുമെന്നുമാണ് സ്കൂൾ അധികൃതരുടെ വിചിത്രമായ നിർദേശങ്ങൾ. പരസ്പരം ശരീരത്തിൽ സ്പർശിക്കരുതെന്നാണ് കർശന നിർദേശം. ഇതിനെതിരെ രക്ഷിതാക്കളടക്കം രംഗത്തെത്തിഎന്ന് പറയുന്നുണ്ടെങ്കിലും, ഭൂരിഭാഗം രക്ഷിതാക്കളും നിർദേശത്തെ അനുകൂലിക്കുന്നതായി സ്കൂൾ അധികൃതർ അവകാശയപ്പെടുന്നു. പുതിയ നിർദേശം പരസ്പര ബഹുമാനം ജനിപ്പിക്കുമെന്നും പ്രൊഫഷണലായി പെരുമാറാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്കൂളിൻ്റെ വാദം. ഇതു സംബന്ധിച്ചു പ്രധാനാധ്യാപിക രക്ഷിതാക്കൾക്ക് കത്തയിച്ചിരിക്കുകയാണ്.

ആലിംഗനം, ഹസ്തദാനം, മർദനം എന്നിവ നിരോധിച്ചിരിക്കുകയാണെന്നു കത്തിൽ പറയുന്നു. നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കായാണ് നിർദേശം. നിങ്ങളുടെ കുട്ടി മറ്റാരെയെങ്കിലും സ്പർശിച്ചാൽ എന്തും സംഭവിക്കാം. ഒരു പരിക്കിലേക്ക് വരെ എത്തിയേക്കാം, അസ്വസ്ഥത തോന്നിയേക്കാം. യഥാർഥ സൗഹൃദങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ആജീവനാന്തം പ്രതീക്ഷിക്കുന്നു. പ്രണയബന്ധങ്ങൾ ഞങ്ങൾ അനുവദിക്കില്ല. സ്കൂളിൽ പഠനത്തിനാണ് പ്രധാന്യം, പ്രണയബന്ധങ്ങൾ മൂലം പഠനം തടസപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. ആരോഗ്യകരമായ ബന്ധങ്ങളാണ് ഞങ്ങൾ പഠിപ്പിക്കുകയെന്നും കത്തിൽ വിശദീകരിക്കുന്നു. സ്കൂളിനു പുറത്തു രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങൾ ആകാമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.