ഫോട്ടോ എടുത്തതും ഞാന്‍ കരഞ്ഞുപോയി; കാരണം..: കുറിപ്പുമായി ഫോട്ടോഗ്രാഫര്‍

കഴിഞ്ഞ ദിവസം നേപ്പാളിലെ ടൂറിസ്റ്റ് ഹോമില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏവരുടെയും മനസ്സിനെ പിടിച്ചുകുലുക്കിയിരുന്നു.. അച്ഛനേയും അമ്മയേയും കണ്ട് നെഞ്ചുപൊട്ടി കരയുന്ന മാധവെന്ന പൊന്നുമോനാണ് ഏവരുടേയും മനസു നോവിക്കുന്നത്. ഹൃദയഭേദകമായ ആ കാഴ്ച പങ്കുവച്ചിരിക്കുന്നത് അബു ഹാഷിം എന്ന ഫൊട്ടോഗ്രാഫറാണ്. കണ്ണീര്‍ കാഴ്ചകളും ദുരന്തമുഖങ്ങളും ഏറെ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രം തന്നെ ഏറെ നൊമ്പരപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അബു ഹാഷിം കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ ഫോട്ടോഗ്രാഫി ജീവിതത്തിൽ ഇത്രയും സങ്കടത്തോടെ കൂടി എടുത്ത ഒരു ചിത്രം വേറെ ഉണ്ടാവില്ല എന്നുറപ്പ്. മംഗലാപുരം വിമാനദുരന്തം, കടലുണ്ടി ട്രെയിൻ ദുരന്തം, ഇരിക്കൂർ പെരുമണ്ണിലെ കുട്ടികളുടെ അപകടമരണം….. ഒട്ടേറെ ദുരന്തങ്ങൾ ഇതിനുമുമ്പും ഞാൻ പകർത്തിയിട്ടുണ്ട്. നേപ്പാളിൽ മരിച്ച രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും വൈഷ്ണവിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ രഞ്ജിത്തിന്റെ മൂത്തമകൻ മാധവ് പൊട്ടിക്കരയുന്ന കാഴ്ചയിലേക്ക് ഒരു യന്ത്രം കണക്കെ ഞാൻ ക്യാമറ ക്ലിക്ക് ചെയ്യുകയായിരുന്നു…അറിയാതെ ഞാനും കരഞ്ഞുപോയി.

നെഞ്ചുരുക്കുന്ന ഈ കാഴ്ച എന്നെ കരയിക്കുന്നതിന് ഒരു കാരണം കൂടി ഉണ്ട്.
ജൂണിലെ ഒരു പ്രഭാതത്തിൽ എന്റെ ഉപ്പ ഹൃദയാഘാതത്തെതുടർന്നു മരിക്കുമ്പോൾ എനിക്കും മാധവിന്റെ പ്രായമായിരുന്നു; ആറു വയസ്സ് !!

തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ ചെങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍(39), ഭാര്യ ശരണ്യ(34), മക്കളായ ശ്രീഭദ്ര(ഒമ്പത്), അഭിനവ് സൂര്യ(ഒമ്പത്), അഭി നായര്‍ (ഏഴ്), കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്ത് കുമാര്‍(39), ഭാര്യ ഇന്ദു ലക്ഷ്മി(34), ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്. നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രിയില്‍ മുറിയില്‍ ചൂട് ക്രമീകരിക്കാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് വിഷവാതകം ചോര്‍ന്നതെന്നാണ് കരുതുന്നത്. പതിനഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് കൂടെയുള്ളവര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ എട്ട് പേരും അബോധാവസ്ഥയിലായിരുന്നു.

കടുത്ത തണുപ്പായിരുന്നതിനാല്‍ മുറിയുടെ വാതിലുകളും ജനലുകളുമെല്ലാം അകത്തു നിന്നും പൂട്ടിയാണ് കിടന്നത്. വെന്റിലേഷന്‍ അഭാവം മൂലം ശ്വാസം മുട്ടലുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. വ്യോമമാര്‍ഗം ഉടന്‍ കാഠ്മണ്ഡുവിലെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കലും ആരേയും രക്ഷിക്കാനനായില്ല. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേരും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. വിനോദയാത്രക്കെത്തിയ മാതാപിതാക്കളും അനിയന്‍വാവയുമടങ്ങുന്ന സംഘം അടുത്ത മുറില്‍ ഹീറ്ററിന്റെ ചൂടില്‍ കിടന്ന് മരവിക്കുമ്പോള്‍ ഒന്നുമറിയാതെ തനിച്ചാവുകയായിരുന്നു അപകടത്തില്‍ മരിച്ച രഞ്ജിത്ത് കുമാറിന്റെ മൂത്ത മകനായ ആറു വയസ്സുകാരന്‍ മാധവ്. ഒപ്പമെത്തിയ സുഹൃത്തിനൊപ്പം മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ കിടന്നതാണ് മാധവിനെ മരണത്തില്‍ നിന്നും വേര്‍പ്പെടുത്തിയത്.