മന്ത്രി കെ.ടി ജലീലിന്റെ വിവാദ നിയമനങ്ങൾ അവസാനിക്കുന്നില്ല; അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ ഗവർണർക്ക് പരാതി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ അദ്ധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ ചട്ടം മറികടന്ന് ഇടപെട്ടുവെന്നാണ് മന്ത്രിയ്‌ക്കെതിരെയുള്ള പരാതി.

നേരത്തെ സർവ്വകലാശാല നിരസിച്ച അപേക്ഷയ്ക്കായി മന്ത്രി മുഖേന വീണ്ടും ഇടപെട്ടതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി പറയുന്നു. ഇതിനായി പ്രത്യേകം യോഗം ചേർന്ന് സർവകലാശാല വി.സിക്ക് നിർദേശം നൽകി. ഇത് ചട്ട വിരുദ്ധമാണ്. അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ആവശ്യപ്പെട്ടു.ഒരു പഠന വിഭാഗത്തിൽ നിയമിച്ച അദ്ധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീം കോടതി നിയമം നിലനിൽക്കെയാണ് മന്ത്രി ഇടപെട്ട് സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകിയതെന്നാണ് പരാതി.