വനിത റെയിൽവേ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

തെന്മല. മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പറെ തെങ്കാശി പാവൂർസത്രത്ത് ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. കുന്നിക്കോട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാൾ. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു.

മധുര റെയിൽവേ സ്‌പെഷ്യൽ പോലീസ് ടീം ചെങ്കോട്ടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്. തിരുനെൽവേലി ചെങ്കോട്ട പാസഞ്ചർ പോയശേഷം റെയിൽവേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം. ജീവനക്കാരിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.