ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍

കോഴിക്കോട്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡിപ്പിച്ച ജീവനക്കാരന്‍ കസ്റ്റഡിയില്‍. കേസിലെ പ്രതിയായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍ ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയാ ശശീന്ദ്രന്‍ കോഴിക്കോട് വടകര സ്വദേശിയാണ്. പ്രതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തു. ഇതിന് ശേഷമായിരിക്കും അറസ്റ്റ്.

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയേറ്ററില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനം നടന്നത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിന് ശേഷം മടങ്ങിയ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ കുറച്ചു കഴിഞ്ഞ് തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാര്‍ എല്ലാം അവിടെയായിരുന്നു. ഈ സമയം നോക്കിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് അന്വേഷണ സമിതി രൂപീകരിച്ചു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സമതി നടത്തുന്ന അന്വേഷണത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.