ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചത് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച്

തിരുവനന്തപുരം. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതികള്‍ പ്രവര്‍ത്തിച്ചത് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചെന്നു കണ്ടെത്തല്‍. റിസപ്ഷനിസ്റ്റ് മനോജും കോഫിഹൗസ് ജീവനക്കാരന്‍ അനില്‍കുമാറുമാണ് എംഎല്‍എ ഹോസ്റ്റല്‍ താവളമാക്കിയത്.

പലരും പണം കൈമാറിയത് സിഐടിയു നേതാവായ അനില്‍കുമാര്‍ വഴിയാണ്. തട്ടിപ്പിന് ഇരയായവരെ ഇന്റര്‍വ്യൂവിനെത്തിച്ചത് മനോജിന്റെ കാറിലാണെന്നും പരാതിയില്‍ പറയുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നതിനു കഴിഞ്ഞദിവസം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനില്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. കന്റോണ്‍മെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളാണു പ്രത്യേകസംഘം അന്വേഷിക്കുക.