ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടന്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന

കൊച്ചി: മുളന്തുരുത്തിക്ക് സമീപം ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടന്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാര്‍ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത്. അതേസമയം, ബാബുക്കുട്ടന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.

കഴിഞ്ഞദിവസമാണ് ഓടി കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വച്ച്‌ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളന്തുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്‌ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരിക്ക് പറ്റിയ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്.

പ്രതിയായ ബാബുക്കുട്ടന്‍ പല കേസുകളിലും പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.