ആമീറിന്റെ ട്വീറ്റ് അറംപറ്റി, നടന്‍ മാധവനും കോവിഡ് സ്ഥിരീകരിച്ചു

ചില കാര്യങ്ങള്‍ അങ്ങനെയാണ്. അറം പറ്റുന്ന പോലെ. അത്തരത്തില്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് തമിഴ് താരം മാധവന്‌. നടന്‍ ആര്‍. മാധവന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അസുഖ വിവരം ആരാധകരെ അദ്ദേഹം അറിയിച്ചത്.

നടന്‍ ആമിര്‍ ഖാനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആമിര്‍ ഖാനും, മാധവനും ഒന്നിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രം ത്രീ ഇഡിയറ്റ്സിന്റെ കഥ ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ചിത്രത്തില്‍ ഫര്‍ഹാന്‍ റാഞ്ചോയെ പിന്‍തുടര്‍ന്ന പോലെ വൈറസ് എന്റെ പിന്നാാലെയും എത്തി.

ത്രീ ഇഡിയറ്റ്സില്‍ ആമിര്‍ ഖാനാണ് റാഞ്ചോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മാധവനായിരുന്നു ഫര്‍ഹാനായി വേഷമിട്ടത്. രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും, വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ചയാണ് ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും, നിരീക്ഷണത്തില്‍ ഇരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലാല്‍ സിങ് ചദ്ദ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു അദ്ദേഹം. ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചു.