ഭാ​ഗ്യമില്ലാത്ത നടൻ എന്ന് മുദ്രകുത്തി, എന്നാൽ തോറ്റുപിന്മാറാൻ തയ്യാറായില്ല- നവീൻ അറയ്ക്കൽ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് നവീൻ അറയ്ക്കൽ എന്ന പേരുകേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുക സ്‌റ്റൈലിഷായ വില്ലന്റെ മുഖമാണ്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തെ പ്രശ്സതനാക്കിയത് സീരിയലുകളാണ്. പ്രണയത്തിലെ പ്രകാശ് വർമ്മ എന്ന കഥാപാത്രം നവീനെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാക്കി. ഇപ്പോൾ ഏഷ്യാനെറ്റില പാടാത്ത പൈങ്കിളി എന്ന സീരിയലിലും, സീകേരളത്തിലെ സത്യ എന്ന പെൺകുട്ടിയിലും ശ്രദ്ദേയമായ കഥാപാത്രം ചെയ്ത് തിളങ്ങി നിൽക്കുകയാണ് നവീൻ അറയ്ക്കൽ.

ബാങ്ക് ജോലി കളഞ്ഞ് അഭിനയത്തിനു പിറകേ പോയ കല്ലൂര്കാരൻ നവീൻ അറയ്ക്കൽ ഇന്ന് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ്. തനിക്ക് അഭിനയ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും നവീൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കയാണ്.

വാക്കുകൾ ഇങ്ങനെ, ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിന്റെ തരംഗത്തിനു പിന്നാലെ സംഘട്ടന രംഗങ്ങൾക്കു പ്രാധാന്യം കൊടുത്ത് ‘മിന്നൽ കേസരി’ സംപ്രേക്ഷണം ആരംഭിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് 50 എപ്പിസോഡുകൾ മാത്രമായിരുന്നു മിന്നൽ കേസരിയുടെ ആയുസ്സ്.മിന്നൽ കേസരിയും നൊമ്പരത്തിപ്പൂവുമെല്ലാം ഭാഗ്യമില്ലാത്തവൻ എന്ന പേര് എനിക്കു നൽകി. വിശ്വാസങ്ങൾക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന സീരിയൽ ഇൻഡസ്ട്രിയിൽ മുന്നോട്ടു പോകാനുള്ള വാതിലുകളെല്ലാം അടയാൻ ഇത് കാരണമായി. ഞാൻ അഭിനയിച്ച ഒരു പ്രൊജക്ട് പിന്നീട് മറ്റൊരാളെ വച്ച് അഭിനയിപ്പിച്ചിട്ടുണ്ട്. സിനിമയിൽ നല്ല പ്രൊജക്ടിന്റെ ഭാഗമായെങ്കിലും റിലീസ് ചെയ്തപ്പോൾ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ഇല്ലായിരുന്നു. ഇങ്ങനെ പല പ്രതിസന്ധികളും നേരിട്ടു. മീഡിയയുമായി ബന്ധപ്പെട്ട മേഖലയിൽ നിൽക്കണം എന്ന ആഗ്രഹം പണ്ടു മുതലേ ഉണ്ടായിരുന്നു. ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിന് ഇറങ്ങിത്തിരിച്ചത്. ഇതിനിടയിൽ വിവാഹിതനാവുകയും ചെയ്തു.

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്നായിരുന്നു എന്റെ വിശ്വാസം. ശക്തമായി തന്നെ മുന്നോട്ടു പോയി. അവസരങ്ങൾ ചോദിക്കാൻ എനിക്ക് മടിയില്ലായിരുന്നു. സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും അണിയറപ്രവർത്തകരോടും അവസരങ്ങൾ ചോദിച്ചു. ഒന്ന് നഷ്ടമായാൽ നല്ലതൊന്ന് കാത്തിരിക്കുന്നുണ്ടാവും എന്ന വിശ്വസിച്ചു വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. ചെറിയ വേഷങ്ങൾ ചെയ്തു. എല്ലാത്തിലും ആത്മാർഥതയോടെ പ്രവർത്തിച്ചു. തോറ്റു പിൻമാറാൻ ഒരുക്കമല്ലായിരുന്നു.