മോഹന്‍ലാലുമായുള്ള രൂപസാദൃശ്യം,നിരവധി സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്; ഷാജു പറയുന്നു

മോഹന്‍ലാല്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു സിനിമാഭിനയം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ഷാജു ശ്രീധര്‍.

ലാലിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ടു തന്നെ ഷാജു ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മിമിക്രി രംഗത്ത് മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച്‌ എത്തിയ നടനെന്ന നിലയില്‍ ഇന്നും ഒരു വേദിയില്‍ എത്തിയാല്‍ ലാലിന്റെ ശബ്ദം അനുകരിച്ച്‌ കാണിക്കാന്‍ പലരും ഷാജുവിനോട് ആവശ്യപ്പെടാറുണ്ട്.

ഇതെല്ലാം ഒരു തരത്തില്‍ സന്തോഷിപ്പിക്കാറുണ്ടെങ്കിലും മോഹന്‍ലാലിനെപ്പോലൊരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോള്‍ തനിക്ക് അത് ഒരു തരത്തില്‍ പോസിറ്റീവും മറ്റൊരു തരത്തില്‍ നെഗറ്റീവുമായെന്നാണ് ഷാജു പറയുന്നത്.ലാലിനെപ്പോലെയുണ്ടെന്ന് പറഞ്ഞ് നിരവധി സിനിമകളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ഷാജു നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ ഏതൊരു നടനും തനിക്ക് മുന്‍പേ സഞ്ചരിച്ച ആളുകളുടെ പുറകെ സഞ്ചരിക്കുന്നത് സ്വാഭാവികമാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ അയാളെപ്പോലെ ആകാനാണ് ശ്രമിക്കുന്നത്. അങ്ങനെ ഒരാളുടെ രൂപവും ശബ്ദവും കിട്ടിയപ്പോള്‍ എനിക്കത് പോസിറ്റീവും നെഗറ്റീവുമായി.

എന്റെ പോസിറ്റീവ് എന്ന് പറയുന്നത് എനിക്ക് സിനിമയില്‍ എന്‍ട്രി കിട്ടി എന്നുള്ളതാണ്. നെഗറ്റീവ് എന്നുപറയുന്നത് അദ്ദേഹത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് ഒരുപാട് സിനിമകളില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തിയെന്നതുമാണ്. രണ്ടും ഒരാളില്‍ നിന്നുമാണ് കിട്ടുന്നത്.

സ്വാഭാവികമായും നല്ല അവസരങ്ങള്‍ അവരുടെ സിനിമകളില്‍ കിട്ടാതെ പോകുന്നത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം. എന്നാല്‍ എന്റെ കരിയറില്‍ ഞാന്‍ തന്നെ പണിയെടുത്തെടുത്ത് ഇപ്പോള്‍ വലിയ വേഷങ്ങളിലേക്ക് എന്നെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷാജു ഇതുചെയ്യുമെന്ന് സംവിധായകരും ഉറപ്പുപറയുന്നുണ്ട്, ഷാജു പറഞ്ഞു.