34-ാം വിവാഹ വാർഷികം ആഘോഷിച്ച് സുരേഷ് ​ഗോപിയും രാധികയും

34 ആം വിവാഹ വാർഷികം ആഘോഷിച്ച് സുരേഷ് ​ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടാം തീയതി ആയിരുന്നു രാധിക ദേവി എന്ന പെൺകുട്ടി സുരേഷ് ഗോപിയുടെ കൈ പിടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂടിയത്. എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നു! വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ. എന്നാണ് സുരേഷ് ​ഗോപി ചിത്രത്തോടൊപ്പം കുറിച്ചത്

രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്. ‘ഏട്ടനും ഏട്ടത്തിക്കും ആശംസകള്‍,രണ്ടുപേരും ജീവന്റെ ജീവനാണ്.. ഏട്ടനും ഏട്ടത്തി, പ്രിയപ്പെട്ട ചേട്ടന് വിവാഹമംഗള വാർഷിക ആശംസകൾ ‘, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ആശംസകള്‍ക്ക് ഒപ്പം തന്നെ ”ഒന്ന് ചേട്ടനോട് പറയൂ ആരാധകർ കാത്തിരിക്കുകയാണ് സുരേഷേട്ടന്റെ മരണമാസ് ആക്ഷൻ പടം ഒറ്റക്കൊമ്പൻ കാണാന്‍”, എന്ന് രാധികയോട് പറയുന്നവരും ഉണ്ട്.

ഈ വിവാഹത്തിന് മുൻപ് തന്നെ സിനിമയുമായി ബന്ധമുള്ള ആളായിരുന്നു രാധിക. സിനിമ പിന്നണി ഗാനരംഗത്ത് നിറഞ്ഞു നിന്നിരുന്ന രാധിക ദേവി സുരേഷ് ഗോപിയുമായുള്ള വിവാഹശേഷമാണ് പിന്നണി ഗാന രംഗത്തു നിന്നും പിന്മാറിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും എന്ന ഗാനം രാധിക ആലപിച്ചതാണ്. മലയാള സിനിമയിലെ ദേശീയ പുരസ്‌കാര ജേതാവ് ആയിരുന്ന നടി ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ ആണ് രാധിക.

ഇത്രയേറെ സിനിമ ബന്ധങ്ങൾ ഉണ്ടായിരുന്ന രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത് ഇരുവരുടെയും വിവാഹ നിശ്ചയത്തിനു ശേഷമാണ്. എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന തലയില്‍ തുളസിക്കതിര്‍ ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം തന്റെ ഭാര്യയായി വരേണ്ടതെന്നായിരുന്നു ആഗ്രഹിച്ചിരുന്നത് എന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിട്ടുണ്ട്. അങ്ങിനെ ഒരു പെൺകുട്ടിയെ സുരേഷ് ഗോപിയ്ക്ക് വേണ്ടി അച്ഛനും അമ്മയും ചേർന്ന് കണ്ടെത്തുകയായിരുന്നു.