ഷാംപു ഉപയോ​ഗിക്കാറില്ല, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആനി

മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട നടിമാരിലൊരാളാണ് ആനി. അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി സിനിമയിൽ എത്തുന്നത്. സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം അഭിനയ രംഗത്തോട് ആനി വിടപറയുകയായിരുന്നു.

1996 ജൂൺ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മിൽ വിവാഹിതരാവുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി. രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടിൽ നിന്നും ഇറങ്ങുന്നത്.

ഇപ്പോഴിതാ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്നുപറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ, ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല. പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളത്