നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ വെളിച്ചത്തിലാണു ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടരന്വേഷണത്തിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു കോടതിയുടെ നിർദേശം. ഏപ്രിൽ 15ന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണം.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽനിന്ന് വിവരങ്ങൾ തേടും. ദിലീപിന്‍റെ ഫോണുകളുടെ ഫൊറൻസിക് റിപ്പോർട്ടും ചോദ്യം ചെയ്യലിൽ നിർണായകമാകും.