നടിയെ ബലാത്സം​ഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട്; ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വെളിപ്പെടുത്തൽ. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ കണ്ടെത്തി. സൈബർ പരിശോധനയിലാണ് തെളിവ് കണ്ടെത്തിയത്. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വെളിപ്പെടുത്തൽ.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ കൃത്യമായ വിവരണങ്ങൾ ഫോണിൽ നിന്ന് ലഭിച്ചു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇപ്രകാരം സീൻ ബൈ സീനായി വിവരങ്ങൾ രേഖപ്പെടുത്താനാകില്ല. അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും ദിലീപിന്റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

വിചാരണക്കോടതിക്ക് എതിരെയും ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നു എന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.