ഓൺലൈൻ തട്ടിപ്പിൽ പൊട്ടിക്കരഞ്ഞ് നടി ലക്ഷ്മി വാസുദേവൻ (വിഡിയോ)

ചെന്നൈ. ഓൺലൈൻ വായ്പ്പാ ആപ്പിന്റെ തട്ടിപ്പിനിരയായെന്ന് കരഞ്ഞുപറഞ്ഞ് കൊണ്ട് തമിഴ് – തെലുങ്ക് നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ഫോൺ ഹാക്കായെന്നാണ് നടി വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളും സുഹൃത്തുക്കളുമടക്കം തന്റെ വാട്സ്ആപ്പ് കോണ്ടാക്ടിലുള്ള എല്ലാവർക്കും അയക്കുകയായിരുന്നെന്നും നടി പറഞ്ഞിരിക്കുന്നു.

സെപ്റ്റംബർ 11ന് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു പറഞ്ഞ് നടി ലക്ഷ്മിയുടെ ഫോണിലേക്ക് ഒരു മെസേജ് എത്തി. അതിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ് ഡൗൺലോഡായി. തുടർന്ന് ഫോൺ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി ലക്ഷ്മി മനസ്സിലാക്കുന്നത്.

ദിവസങ്ങൾ പിന്നിട്ടതോടെ ഭീഷണിയായി മാറി. മോർഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ലക്ഷ്മിയെ ഭീഷണിപെടുത്തിയത്. വൈകാതെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം വാട്സാപ് കോണ്ടാക്ടിലെ എല്ലാവർക്കും മോർഫ് ചെയ്ത ഫോട്ടോകൾ അയക്കുകയുണ്ടായി.

എനിക്ക് പാടിയപോലെ അബദ്ധം വേറെയാർക്കും പറ്റരുതെന്നുള്ളതു കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നു ലക്ഷ്മി പറ‍ഞ്ഞു. ഇക്കാര്യത്തിൽ സെക്കന്ദരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി അറിയിച്ചു. ഇത്തരം ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് പറഞ്ഞാണ് ലക്ഷ്മി വിഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.