ഉപ്പയുടെ കൂടെ കടയിൽപ്പോയപ്പോൾ ഭാര്യയാണോയെന്ന് ചോദിച്ചു, ഷിബില

മെലിഞ്ഞ നായികമാരിൽ നിന്നും വ്യത്യസ്തമായി തടിയുള്ള നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ വര്ഷം കൂടിയാണ് 2019. സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ഷിബില. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി ഷിബില ശരീര ഭാരം കൂട്ടിയിരുന്നു. ബോഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോളിതാ തനിക്ക് നേരിട്ട ബോഡിഷെയിമിം​ഗുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മനസ്സിനേറ്റവും മുറവേറ്റ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ.. മലപ്പുറത്താണെൻറെ വീട്, ഒരിക്കൽ ഉപ്പയുടെ കൂടെ നടന്നു പോകുമ്പോൾ ഭാര്യയാണോ കൂടെയുള്ളതെന്ന് ഒരാൾ ഉപ്പയോട് ചോദിക്കുകയുണ്ടായി. അത് കേട്ട് ഞാൻ ഇല്ലാതായി പോകുന്നതായി തോന്നി. അയാൾ എൻറെ ഉമ്മയെ ഇതുവരെ കാണാത്തൊരാൾ ആയിരുന്നു. ഞാൻ അതുകേട്ട് മരവിച്ചുപോയി. എൻറെ ഉപ്പ ചിലപ്പോൾ എന്നേക്കാൾ അന്ന് വിഷമിച്ചിട്ടുണ്ടാകു.

കുട്ടികാലം മുതൽ തന്നെ രൂപത്തിന്റെ പേരിൽ ഏറെ കളിയാക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും എവിടന്നാണ്‌ റേഷൻ വാങ്ങുന്നത് എന്ന തരത്തിലെ ചോദ്യങ്ങളും തനിക്ക് നേരെ ഉണ്ടായിട്ടുണ്ട് എന്നാണ് ഷിബില പറയുന്നത്. ചില താരതമ്യം ചെയ്യലുകളിലൊക്കെ വിഷമം തോന്നിയിരുന്നു എങ്കിലും ചിലതൊക്കെ ചിരിച്ചു കളഞ്ഞിരുന്നു എന്നു ഷിബില പറയുന്നു. തന്റെ ഒരു സിനിമ തുടങ്ങാനിരിക്കെ ആണ് ലോക്ക് ഡൌൺ പ്രതിസന്ധി വന്നതെന്നും അതിനു ശേഷം ഉണ്ടായ ഡിപ്രെഷൻ മറികടക്കുകയാണ് താൻ ഇപ്പോഴെന്നും ഷിബില പറയുന്നു.