അടൽ ബിഹാരി വാജ്‌പേയിയുടെ 98-ാം ജന്മദിന സ്മരണയിൽ രാജ്യം

ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 98-ാം പിറന്നാൾ സ്മരണയിൽ രാജ്യം. ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ മികച്ച നേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്. വാജ്പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അദ്ധ്യക്ഷൻ നേതാവ് ജെപി നദ്ദ എന്നിവരും മുൻ പ്രധാനമന്ത്രിക്ക് പുഷ്പാർച്ചന നടത്താനെത്തിയിരുന്നു. വാജ്‌പേയിയുടെ നേതൃത്വവും കാഴ്ചപ്പാടുകളും ദർശനങ്ങളും ഓരോ പൗരന്മാർക്ക് പ്രചോദനമേകുന്നുവെന്നും ഇന്ത്യയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടേയും ഭാരതീയ ജനസംഘത്തിലേയ്‌ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽബിഹാരി വാജ്‌പേയി 1924 ഡിസംബർ 25നായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയോറിൽ ജനിച്ചത്. മൂന്ന് തവണ പ്രധാന മന്ത്രിയായ അടൽജിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടേയും സമചിത്തത യുടേയും സമാധാനത്തിന്റേയും സന്ദേശമാണ് നൽകിയത്.

ജവഹർലാൽ നെഹ്രുവിനും ഇന്ദിരാ ഗാന്ധിയ്‌ക്കും ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ കോൺഗ്രസിതര ദേശീയ നേതാവായി വാജ്‌പേയി തന്റെ ഭരണനിപുണത തെളിയിച്ചു. വാജ്‌പേയുടെ ഭരണത്തിൻ കീഴിൽ ലോകരാഷ്‌ട്ര ങ്ങൾക്കുമുന്നിൽ ശക്തമായ നയങ്ങളാണ് ഭാരതം മുന്നിൽ വെച്ചത്.