ഇന്ത്യയുടെ പ്രഥമ സൗരദൗത്യം, ആദിത്യ എൽ-1 വിക്ഷേപണം 11.50ന്

ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 പേടക വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ശനിയാഴ്ച രാവിലെ 11.50-ന് പി.എസ്.എൽ.വി. സി-57 റോക്കറ്റിൽ ആദിത്യ എൽ-1 പറന്നുയരും.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണ്ണമായി തദ്ദേശീയമായി നിർമ്മിച്ചതാണ് ആദിത്യ എൽ-1. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എൽ-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്.സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.

ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ ആയിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. 378കോടിയാണ് ആദിത്യ എൽ-1ന്റെ നിർമ്മാണ ചിലവ്.