ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ മഹേന്ദ്രഗിരി, അത്യാധുനിക ആയുധങ്ങളുമായി യുദ്ധക്കപ്പൽ നീറ്റിലിറങ്ങി

മുംബൈ: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ഇനി യുദ്ധക്കപ്പൽ മഹേന്ദ്രഗിരിയും. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിന്റെ ഭാര്യ സുദേഷ് ധൻകറാണ് യുദ്ധക്കപ്പൽ രാജ്യത്തിനായി സമ്മാനിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി മുഖ്യാതിഥിയായി. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് (എംഡിഎൽ) യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി നിർമിച്ചത്.

ആത്മനിർഭർ ഭാരതിന് കീഴിൽ 75 ശതമാനത്തോളം തദ്ദേശീയമായി നിർമ്മിച്ചതാണ് ഐഎൻഎസ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കൻഘട്ടത്തിലെ ഒരു പർവതശിഖരത്തിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. പ്രൊജക്ട് 17എ ഫ്രിഗേറ്റ് സീരീസിലെ ഏഴാമത്തെ കപ്പലാണ് മഹേന്ദ്രഗിരി. സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതന ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനങ്ങളും മഹേന്ദ്രഗിരിയിൽ അടങ്ങിയിരിക്കുന്നു.

കരസേനയിലും നാവികസേനയിലും വ്യോമസേനയിലുമായി പതിനായിരത്തിലധികം സ്ത്രീകളുടെ സാന്നിധ്യമുള്ള ഇന്ത്യൻ സായുധ സേന ലിംഗസമത്വത്തിൽ പുരോഗതി കൈവരിച്ചുവെന്ന് ജഗ്ദീപ് ധൻകർ. മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തത് സുപ്രധാന നിമിഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.