കേരള സര്‍ക്കാരിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനമാണ് ലളിതകല അക്കാദമി, പരിഹാസവുമായി അഡ്വ. ജയശങ്കര്‍

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ലളിതകലാ അക്കാദമിക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി എ.കെ.ബാലന്‍ രംഗത്തെത്തിയിരുന്നു. ലളിതകലാ അക്കാദമി സ്വതന്ത്രമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കര്‍. ‘ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ല. കേരള സര്‍ക്കാരിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണെന്ന്’ അദ്ദേഹം പരിഹസിച്ചു. കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യംജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ല. കേരള സര്‍ക്കാരിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണ്.

നേമം പുഷ്പരാജിനെ ചെയര്‍മാനായി നിയമിച്ചത്, ടിയാന്‍ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല; പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചതു കൊണ്ടാണ്. അക്കാദമിയിലെ ബാക്കി പുങ്കന്മാരും പാര്‍ട്ടിയുടെ കാരുണ്യത്താല്‍ വന്നവരാണ്. അതുകൊണ്ട് മന്ത്രിയുടെ കല്പന അനുസരിക്കണം. അവാര്‍ഡ് കൊടുക്കാന്‍ പറഞ്ഞാല്‍ കൊടുക്കണം, പിന്‍വലിക്കാന്‍ പറഞ്ഞാല്‍ പിന്‍വലിച്ച് മാപ്പു പറയണം.

കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം.

നേമം പുഷ്പരാജിന്റെ സ്ഥാനത്ത് പുത്തന്‍ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുത്.

നേരത്തെ പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിഷപ് ഫ്രാങ്കോയുടെ മുഖം ഒരു പൂവന്‍ കോഴിക്ക് നല്‍കി പൊലീസ് തൊപ്പിക്ക് മുകളില്‍ നിര്‍ത്തിയതാണ് കാര്‍ട്ടൂണ്‍. തൊപ്പി പിടിച്ചിരിക്കുന്നത് പി.സി. ജോര്‍ജും പി.കെ. ശശി എം.എല്‍.എയും ചേര്‍ന്നാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായി.

പുരസ്‌കാരം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) ആവശ്യപ്പെട്ടു. അതോടെ സര്‍ക്കാര്‍ ഇടപെട്ടു. മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകല അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സര്‍ക്കാറിന് യോജിപ്പില്ലെന്ന് എ.കെ. ബാലന്‍ ഡല്‍ഹിയില്‍ വാര്‍ത്തലേഖകരോട് പറഞ്ഞു.

ജേതാവിനെ കണ്ടെത്തിയത് ബന്ധപ്പെട്ട കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സര്‍ക്കാര്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അവഹേളനപരമായ ഉള്ളടക്കമുള്ള സൃഷ്ടിക്ക് നല്‍കിയ പുരസ്‌കാരം അക്കാദമി പുനഃപരിശോധിക്കുമെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. കാര്‍ട്ടൂണ്‍ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടേയും വിലയിരുത്തലെന്നും ഇതിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നും ചെയര്‍മാന്‍ നേമം പുഷ്പരാജ് പ്രതികരിച്ചു.