സമ്പത്തിന് മാത്രമല്ല തോറ്റ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും പദവി നല്‍കണം: ട്രോളി ജയശങ്കര്‍

പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് പരാജയം രുചിച്ച എ.സമ്പത്തിന് ക്യാബിനറ്റ് റാങ്കോട് കൂടി പദവി നല്‍കുന്നതിനെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ.ജയശങ്കര്‍ രംഗത്ത്. ,’സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടര്‍മാരെ തോല്പിക്കാനും സാധിച്ചു’വെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആറ്റിങ്ങല്‍ മുന്‍ എം.പിയായ സമ്ബത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോട് കൂടി ഡല്‍ഹിയില്‍ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. പാര്‍ട്ടി ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ വിഷയത്തെ ട്രോളിയാണ് ജയശങ്കര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആറ്റിങ്ങലെ തോറ്റ എംപിയെ ദല്‍ഹിയില്‍ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം.

കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടര്‍മാരെ തോല്പിക്കാനും സാധിച്ചു.

ഇതേ മാതൃകയില്‍, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും തീരും; അയല്‍ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയില്‍ നിയമിക്കുന്നപക്ഷം സിപിഐക്കാര്‍ക്കും സന്തോഷമാകും.

കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം. സഖാക്കളേ, മുന്നോട്ട്!