എഐസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്, ഖാർഗെ- തരൂർ പോരാട്ടം ഇന്ന്

കേരളത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. തിരുവനന്തപുരം ഇന്ദിരാഭവനിൽ വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. 22 വർഷത്തിന് ശേഷം എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മല്ലികാർജുൻ ഖാർഗെയ്ക്കാണ് മുൻ തൂക്കം. ഔദ്യോഗിക സ്ഥാനാർത്ഥി എന്ന പരിവേഷം ഖാർഗെയ്ക്കുണ്ടെന്നതും അനുകൂല ഘടകമാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരാണ് പരിഗണക്കപ്പെട്ടങ്കിലും വിമത നീക്കത്തെ തുടർന്ന് പിൻമാറി. പിന്നീട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ പേരും ഉയർന്നു കേട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യ ചിത്രത്തിലുണ്ടായിരുന്ന പലരും പിൻമാറിയതോടെയാണ് ഖാർഗെയിലേക്ക് എത്തിയത്.

വിവിധ പിസിസികളും പരസ്യമായി ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയിലെ യുവ നേതാക്കളിൽ നിന്നാണ് തരൂരിന് പിന്തുണ ലഭിച്ചിത്. കേരളത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെഎസ് ശബരീനാഥ്, എം കെ രാഘവൻ എം പി, കെ സി അബു, ശിവഗംഗയിൽ നിന്നുള്ള എംപിയും മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം, കിഷൻഗഞ്ച് എം പി മുഹമ്മദ് ജാവേദ്, നോവ്‌ഗോങ് എംപി പ്രദ്യുത് ബോർദോലോയ് തുടങ്ങിയവരായിരുന്നു തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടത്.

വിജയിച്ചാൽ കോൺഗ്രസിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം കൊണ്ടുവരുമെന്നാണ് ശശി തരൂരിന്റെ വാഗ്ദാനം. ഖാർഗെ വിജയിച്ചാൽ അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ശശി തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.