എത്ര കഴിച്ചാലും വണ്ണംവെക്കില്ല, പുത്തൻ വിഭവം പരിചയപ്പെടുത്തി റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്.

ഇപ്പോളിതാ ശരീരഭാരം കൂടുമോയെന്ന് ഭയക്കാതെ കഴിക്കാൻ സാധിക്കുന്ന രുചിയേറിയ ഒരു വിഭവം തയ്യാറാക്കുന്ന വിധം പങ്കുവയ്ക്കുകയാണ് റിമി ടോമി. കൃത്യമായ ഡയറ്റും വ്യായാമവും പാലിച്ചാണ് റിമി ടോമി ശരീരഭാരം കുറച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ഭാരം കൂടാതെ നിലനിർത്തുന്നതും. അതിനായി സഹായിക്കുന്ന ഒരു ബ്രേക്ക്‌ഫാസ്റ്റ് വിഭവം താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ഓട്‌സ് പാൻകേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ഓട്‌സ് വറുത്തു പൊടിച്ചത്- അര കപ്പ്, പാൽ (ആൽമണ്ട് മിൽക്ക്) – മൂന്ന് ടേബിൾ സ്‌പൂൺ, കറുവാപ്പട്ട പൊടിച്ചത്- കാൽ ടീ‌സ്‌പൂൺ, റോബസ്റ്റ പഴം- ഒന്ന്, ആവശ്യത്തിന് ഉപ്പ്, ഒലിവ് ഓയിൽ/ നെയ്യ്, മുട്ട- ഒന്ന്, തേൻ (ആവശ്യമെങ്കിൽ)- ഒരു ടീ‌സ്‌പൂൺ, മുതിര പൊടിച്ചത് (ആവശ്യമെങ്കിൽ), വാനില എസൻസ് (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം

ആദ്യം ഓട്‌സ് പൊടിച്ചതിലേയ്ക്ക് പഴം ചെറുതായി അരിഞ്ഞ് ഇടണം. ഇതിലേയ്ക്ക് കറുവാപ്പട്ട പൊടിച്ചത്, കുറച്ച് വാനില എസൻസ്, ഒരു മുട്ട പൊട്ടിച്ചത്, പാൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കണം. ശേഷം ഇത് നന്നായി യോജിപ്പിച്ച് എടുക്കണം. ഒരു പാൻ ചൂടാക്കി കുറച്ച് നെയ്യ് പുരട്ടി ദോശയുടെ പരുവത്തിൽ ഒഴിച്ച് ഉണ്ടാക്കി എടുക്കാം. മുട്ട ഉപയോഗിക്കാത്തവർക്ക് മുതിര ഉപയോഗിക്കാം. മുതിര വെള്ളത്തിലിട്ട് കുറേനേരം കഴിയുമ്പോൾ മുട്ടയുടെ വെള്ളപോലെ കൊഴുപ്പ് രൂപത്തിൽ ലഭിക്കും. ഇത് മുട്ടയ്ക്ക് പകരമായി ഉപയോഗിക്കാം. ദോശ രൂപത്തിൽ ഇരുവശവും വേവിച്ചിട്ട് വെന്തുകഴിയുമ്പോൾ മുകളിലായി പഴം അരിഞ്ഞിട്ട് കുറച്ച് തേൻ ഒഴിച്ച് കഴിക്കാം.