നൗഷാദിനെ കൊലപ്പെടുത്തിയെന്ന അഫ്‌സാനയുടെ മൊഴി കേട്ട് പോലീസ് തന്റെ വീട്ടില്‍ 50000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി വീട്ടുടമ

പത്തനംതിട്ട. പോലീസ് അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്റെ വീട് ചവിട്ടിത്തുറന്ന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി വീട്ടുടമ വടക്കത്തുകാവ് പാലനമുറ്റത്ത് ബിജുകുമാര്‍. ഭര്‍ത്താവായ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ തന്റെ വീടിന് സംഭവിച്ച നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് ബിജുകുമാര്‍ ആവശ്യപ്പെടുന്നു.

സംഭവത്തില്‍ പരാതി നല്‍കുവാനാണ് ബിജുകുമാറിന്റെ തീരുമാനം. വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെ മുറികള്‍ എല്ലാ കുഴിക്കുകയും ശുചിമുറിയുടെ ടാങ്കിന്റെ സ്ലാബ് ഇളക്കുകയും ചെയ്തുവെന്ന് ബിജുകുമാര്‍ പറയുന്നു. വീടിന് 50000 രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് ബിജുകുമാര്‍ പറയുന്നത്.

സംഭവത്തില്‍ പോലീസിന്റെ നടപടിക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാധി നല്‍കും. പോലീസ് വീട്ടില്‍ നടത്തിയ കാര്യങ്ങളും പോലീസിന്റെ സമീപനവും തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ബിജുകുമാര്‍ പറയുന്നു. അതേസമയം കാണാതായ നൗഷാദിനെ ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പോലീസ്. ഒന്നര വര്‍ഷം മുമ്പാണ് സംഭവം. ഇതിന് പിന്നാലെ നൗഷാദിനെ കാണാതാകുകയായിരുന്നു.

മര്‍ദനത്തെ തുടര്‍ന്ന് അവശനിലയാലായ നൗഷാദിനെ ഉപേക്ഷിച്ച് ഭാര്യയും സുഹൃത്തുക്കളും അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറിയിലെ വാടകവീട്ടില്‍ നിന്നും പോകുകയായിരുന്നു. മരിച്ചെന്നു കരുതിയായിരിക്കാം നൗഷാദിനെ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു.