അമിത വേഗത്തിന് ഫാസ്റ്റാഗില്‍ നിന്നും പിഴ ഈടാക്കാന്‍ പോലീസ് ആലോചിക്കുന്നു

ബെംഗളൂര്‍. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ഫാസ്റ്റാഗില്‍ നിന്നും പിഴ തുക ഈടാക്കുവാന്‍ കര്‍ണാടക പോലീസ്. ബെംഗളൂരു മൈസൂരു അതിവേഗ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കര്‍ണാടക പോലീസ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയത്. 100 കിലോമീറ്റര്‍ വേഗത്തില്‍ പോകേണ്ട പാതയില്‍ പലരും 150 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നതായിട്ടാണ് പോലീസ് പറയുന്നത്.

അമിത വേഗത്തിന് പിഴ ഈടാക്കിയാല്‍ വേഗത കുറയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫാസ്റ്റാഗില്‍ നിന്നും പിഴ ഈടാക്കുമെന്നുള്ളത് പോലീസിന്റെ നിര്‍ദേശം മാത്രമാണ്. ഇതിന്റെ സാധ്യത നാഷണല്‍ ഹൈവേ അതോറിറ്റി വിലയിരുത്തും. ഫാസ്റ്റാഗ് മുഖേന ഈടാക്കുന്ന പണം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അക്കൗണ്ടിലാണ് എത്തുക. എന്നാല്‍ അമിത വേഗത്തിന് ലഭിക്കുന്ന പിഴ സംസ്ഥാന ഖജനാവിലാണ് ലഭിക്കേണ്ടത്.

അതേസമയം അമിത വേഗം നിയന്ത്രിക്കുവാനുള്ള പ്രായോഗികമായ മാര്‍ഗം ഇതാണെന്നാണ് പോലീസ് കരുതുന്നത്. ഇതിന് അംഗീകാരം ലഭിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കും. അതേസമയം പദ്ധതിയില്‍ ഗുണവും ദോഷവും ഉണ്ട്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ അപകടം സംഭവിക്കുന്നത് ബെംഗളൂരു മൈസൂരു അതിവേഗ പാതയിലാണ്.