തിരഞ്ഞെടുപ്പിലെ തിരിച്ചടി: ലീഗിലും ‘ആഭ്യന്തരയുദ്ധം’

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിയിൽ കോൺഗ്രസിലേതുപോലെ മുസ്ലിം ലീഗിലും ‘ആഭ്യന്തരയുദ്ധം’. നേതൃത്വത്തെ വിമർശിച്ച് സാമൂഹികമാധ്യമങ്ങളിൽ അണികൾ രംഗത്തെത്തി. മറ്റു ഘടകകക്ഷികളേക്കാൾ പരിക്കിന് ആഴം കുറവാണെങ്കിലും മുന്നണിയുടെ പരാജയത്തിൽ ലീഗ് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് വിമർശനം. ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേയാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിലേറെയും. എം.എൽ.എ. ആയിരിക്കെ ലോക്സഭയിലേക്ക് പോവുകയും പിന്നീട് എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തതിലാണ് പ്രധാന വിമർശനം.

വോട്ടർമാർക്ക് നന്ദി പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് താഴെ ശക്തമായ ഭാഷയിൽ വിമർശനമുയരുന്നുണ്ട്. ഈ ‘ചാടിക്കളി’ ശരിയായില്ലെന്ന് പാർട്ടി ഭാരവാഹികളടക്കം ഓർമിപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവോടെ യു.ഡി.എഫിന്റെ കടിഞ്ഞാൺ ലീഗിനാകുമെന്ന് പ്രചരിപ്പിക്കാൻ ഇടതുമുന്നണിക്കായി. അത് യു.ഡി.എഫിന്റെ മറ്റുസീറ്റുകളിലും ക്ഷീണമുണ്ടാക്കിയെന്ന് ലീഗിലെ ചില നേതാക്കൾക്കുതന്നെ അഭിപ്രായമുണ്ട്.

പാർട്ടിയിലെ ‘തീപ്പൊരി’ നേതാക്കളായ കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവരുടെ പരാജയത്തിലും നേതൃത്വത്തിന് ഉത്തരവാദിത്ത്വമുണ്ടെന്നാണ് മറ്റൊരു വിമർശനം. കടുത്ത വെല്ലുവിളിയുള്ള സീറ്റുകളിൽ മത്സരിപ്പിച്ചതോടെ അവർക്ക് മറ്റിടങ്ങളിൽ പ്രചാരണത്തിനെത്താനും കഴിഞ്ഞില്ല. അത് ലീഗിന്റെ ബാക്കി സീറ്റുകളിലും തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റു നേതാക്കളുടെ പോസ്റ്റിലും സ്വന്തംനിലയ്ക്കും അണികൾ വിയോജിപ്പ് പരസ്യമാക്കുന്നുണ്ട്.