തനിക്ക് പെട്ടെന്ന് കരച്ചില്‍ വരും, സ്ഥലവും സന്ദര്‍ഭവും നോക്കാതെ കരയും, ഐശ്വര്യ ലക്ഷ്മി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. വളരെ കൊതിയോടെ സിനിമയില്‍ എത്തിയ താരമാണ് ഐശ്വര്യ. മെഡിക്കല്‍ പഠനത്തിനൊപ്പം മോഡലിംഗ് രംഗത്ത് എത്തി അവിടെ നിന്നും മലയാള സിനിമയിലെത്തിയ താരമാണ് നടി. മലയാള സിനിമയിലെ മുന്‍നിര നായികമാര്‍ക്കൊപ്പമാണ് ഇപ്പോള്‍ ഐശ്വര്യയുടെ സ്ഥാനം. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും എല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് നടി.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ;

എല്ലാ ചെറിയ കാര്യങ്ങള്‍ക്കും ടെന്‍ഷനടിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. പെട്ടെന്ന് കരച്ചില്‍ വരുന്ന സ്വഭാവമുണ്ട്. കരയാന്‍ തോന്നിയാല്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറില്ല. അതോടെ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെ കുറിച്ചോര്‍ത്ത് ഇരിക്കില്ല. ചെറിയൊരു പനി വന്നാല്‍ പോലും അമ്മ അടുത്തുവേണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ല. സിനിമ ഒരു പാഷനാണ്. മറ്റൊരു നല്ല പ്രൊഫഷന്‍ കൈയിലുണ്ട്. അപ്പോള്‍ പിന്നെ അയ്യോ എനിക്ക് ഇനി സിനിമ കിട്ടിയില്ലെങ്കില്‍ എന്തുചെയ്യും എന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാവണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

സിനിമയും മെഡിക്കല്‍ പ്രൊഫഷനും എന്റെ ബാക്ക് അപ്പ് പ്‌ളാനുകളല്ല. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കാരണം നന്നായി കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടര്‍ ആയത്. ഫെല്ലോഷിപ്പ് നേടി ഉപരിപഠനം നടത്താനും ആഗ്രഹമുണ്ട്. എം. ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. അവിടെ നിന്ന് നിവിന്‍ പോളി ചിത്രം ! ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ യിലേക്ക് അവസരം കിട്ടി. ആ സിനിമയില്‍ അഭിനയിക്കുമ്പോഴും തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷേ, മായാനദി ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ വന്നു. മോഡലിംഗിനെക്കാള്‍ പ്രയാസമാണ് സിനിമാ അഭിനയം.