സ്വപ്‌നയ്ക്ക് ബിനാമി നിക്ഷേപങ്ങള്‍ ഏറെ, എന്തിനും ഏതിനും ഒപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ കൈകളിലൂടെ ഓരോ ദിവസവും കൈ മറിഞ്ഞിരുന്നത് കോടികളാണ്. ഒട്ടേറെ ബിനാമി നിക്ഷേപങ്ങള്‍ സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. മാത്രമല്ല സ്വപ്‌നയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥനും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിവരം കിട്ടി. ഇരു ഏജന്‍സികളും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്ത് സംഭവിച്ചാലും ഏത് വിധേനയും സ്വപ്നയെ രക്ഷിക്കാന്‍ ഉന്നതര്‍ക്കൊപ്പം ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. സ്വപ്‌നയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തെ സ്‌കൂളിലും കോളേജിലും പ്രവേശനം വാങ്ങി നല്‍കിയത് ഈ ഉദ്യോഗസ്ഥനാണ്. മാത്രമല്ല സ്വപ്‌നയ്ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഇടപെട്ട് പരിഹരിക്കാനും ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടാകും. പല തട്ടിപ്പുകളിലും വെട്ടിപ്പുകളിലും നിന്ന് സ്വപ്നയെ സഹായിച്ചതില്‍ ഇദ്ദേഹത്തിന് പങ്കുണ്ട്.

ഉന്നതര്‍ക്ക് വേണ്ട് വിദേശത്ത് ബിനാമി നിക്ഷേപത്തിന് സൗകര്യം ഒരുക്കുക സ്വപ്‌നയുടെ രീതിയായിരുന്നു. സ്‌പേസ് പാര്‍ക്കിലെ ജോലിയിലൂടെ ലഭിച്ച സൗഹൃദങ്ങളും ഉന്നത ബന്ധങ്ങളും ഇത്തരം ബസിനസ് ബന്ധങ്ങള്‍ക്കായി സ്വപ്‌ന ഉപയോഗപ്പെടുത്തി.

സ്വര്‍ണക്കടത്തില്‍ പങ്കാളിയായതോടെ സ്വപ്‌നയുടെ അക്കൗണ്ടുകളില്‍ പണം കുമിഞ്ഞുകൂടി. സ്വര്‍ണക്കടത്തിന് പ്രതിഫലം പണമായും സ്വര്‍ണമായും ആയിരുന്നു സ്വപ്ന കൈപ്പറ്റിയത്. ഇതിന് തെളിവാണ് ബാങ്ക് ലോക്കറുകളിലെ സ്വപ്‌നയുടെ നിക്ഷേപങ്ങള്‍. തിരുവനന്തപുരത്തെ പല ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് എന്‍ഐഎ കണ്ടെത്തിയത്. ഓരോ പ്രാവശ്യം സ്വര്‍ണം കടത്തുമ്പോഴും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെ രൂപയാണ് സ്വപ്‌നയ്ക്ക് ലഭിച്ചിരുന്നത്.

സ്വപ്‌നയുടെ സ്വത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് നടത്തി. സ്വപ്‌നയുടെ ഭര്‍ത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ട്കളുടെ വിവരവും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കില്‍ അത്യാഡംബര വീടാണ് സ്വപ്‌ന പണി കഴിപ്പിച്ചിരുന്നത്. വീട് നിര്‍മിക്കുന്ന ഈ സ്ഥലം കുടുംബവകയാണ്. അച്ഛന്‍ സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വപ്നയ്ക്കു ലഭിച്ചത്.