കോൺഗ്രസിന് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ജാതി സെൻസസ്, അറിയാതെ പോലും വോട്ട് ചെയ്യരുത്, അഖിലേഷ് യാദവ്

ഭോപ്പാൽ. അറിയാതെ പോലും കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും അവർ വഞ്ചകരാണെന്നും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസിന്, വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ജാതി സെൻസസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ ടികാംഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അഖിലേഷ്.

മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് മുന്നണി അടിസ്ഥാനപ്പെടുത്തി സീറ്റ് നൽകാത്തതിലെ എതിർപ്പ് മുൻപ് തന്നെ അഖിലേഷ് യാദവ് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ രീതിയിൽ യാദവ് കോൺഗ്രസിനെ കടുത്ത വാക്കുകൾകൊണ്ട് ആക്രമിക്കുന്നത്. ഇൻഡ്യ മുന്നണിയിലുണ്ടായ പിളർപ്പ് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന.

സഖ്യ രൂപീകരണം നടന്നെങ്കിലും ഇൻഡി മുന്നണിയിലെ സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കൈമലർത്തി കാണിക്കുകയാണെന്നും അഖിലേഷ് യാദവ് മുൻപ് വ്യക്തമാക്കിയിരുന്നു. മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തങ്ങൾക്ക് പ്രാതിനിധ്യം നൽകാത്ത പക്ഷം ഉത്തരപ്രദേശിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.