നഗരമധ്യത്തിൽ ഏഴുനിലക്കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥി

ആലപ്പുഴ: ആലപ്പുഴയിൽ നഗരമധ്യത്തിലെ ഏഴുനിലക്കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ വിദ്യാർത്ഥിയെ രക്ഷിച്ചു. നഗരസഭാ ശതാബ്ദിമന്ദിരത്തിനു മുകളില്‍ക്കയറിയ ഐ.ടി.സി. വിദ്യാർത്ഥിയെ അഗ്‌നിരക്ഷാസേന എത്തിയാണ് താഴെ ഇറക്കിയത്. തിങ്കളാഴ്ച വൈകുന്നേരം 3.30-നാണ്  കെട്ടിടത്തിനുമുകളില്‍ വിദ്യാർത്ഥി കയറിയത്. ഇതുകണ്ട മരംവെട്ടുതൊഴിലാളികളാണ് അധികൃതരെ വിവരമറിയിച്ചത്.

കാട്ടൂര്‍ സ്വദേശിയാണ് ഒന്നരമണിക്കൂര്‍നേരം നഗരവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്. പഠിക്കുന്ന സ്ഥാപനത്തിലുണ്ടായ വിഷയത്തില്‍ പരിഹാരം വേണമെന്നു പറഞ്ഞായിരുന്നു ഭീഷണി. താഴെയിറക്കാന്‍ അനുനയനീക്കം നടത്തുന്നതിടെ പലഘട്ടത്തിലും ചാടുമെന്ന സ്ഥിതിയുണ്ടായി. അധ്യാപകരും സഹപാഠികളുമെത്തിയെങ്കിലും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേന താഴെ വലവിരിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്.

കെട്ടിടത്തിന്റെ മുകളിലെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വെള്ളംവേണമോയെന്നു ചോദിച്ചു. അവശനായ വിദ്യാര്‍ഥി വെള്ളംവേണമെന്നു പറഞ്ഞതോടെയാണ് രക്ഷാദൗത്യം എളുപ്പമായത്. വെള്ളം ബീമിനു മുകളില്‍വെച്ച് ശ്രദ്ധതിരിച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബൈജുപണിക്കര്‍ വിദ്യാർത്ഥിയെ പിടികൂടി. മറ്റു സേനാംഗങ്ങളുംചേര്‍ന്ന് വിദ്യാര്‍ഥിയെ താഴെയിറക്കി. ശേഷം അവശനായ വിദ്യാർത്ഥിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.