ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തെ ജിദ്ദയിലെത്തിച്ചു, നേരിൽ കണ്ട് ആശ്വസിപ്പിച്ച് വി മുരളീധരൻ

ന്യൂഡൽഹി: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തെ ജിദ്ദയിലെത്തിച്ചു. ദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ ജിദ്ദയിൽ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റും മന്ത്രി ഏർപ്പാടാക്കിയതായി അറിയിച്ചു. അതേസമയം ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ 367 ഇന്ത്യക്കാരെ ബുധനാഴ്ച ഡൽഹിയിൽ എത്തിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. സൗദി അറേബ്യ എയൽലൈൻസിന്റെ വിമാനം രാത്രി ഒമ്പത് മണിയോടെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി.

ജിദ്ദ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്‌ക്ക് 1.56നായിരുന്നു വിമാനം പുറപ്പെട്ടത്. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന ആഭ്യന്തര കലാപം ഇപ്പോഴും കെട്ടടങ്ങിയില്ല. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 1100 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.