തലകുത്തി കൈകൂപ്പി നിൽക്കുന്ന വ്യായാമ മുറ ; ചിത്രങ്ങൾ പങ്കുവെച്ച് ആലിയ

ന്യൂഡൽഹി: പ്രസവ ശേഷം ശരീരം പഴയതു പോലെ കൊണ്ട് വരുക എന്നത് ഏതൊരു സ്ത്രീക്കും വളരെ പ്രാധാന്യമുള്ള ഒന്നാണ്. എന്നാൽ ഇത് അത്ര എളുപ്പമുള്ള ഒന്നല്ല. പ്രസവം എന്നത് ശാരീരികമായും മാനസികമായും ഒരു സ്ത്രീയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. പല സ്ത്രീകളും വിഷാദ രോഗം ഉൾപ്പടെയുള്ള അവസ്ഥകളിലേക്ക് പ്രസവ ശേഷം എത്തിപ്പെടാറുണ്ട്. എന്നാൽ ചിട്ടയായ വ്യായാമത്തിലൂടെ ഒരു പരിധി വരെ ഇത്തരം അവസ്ഥകൾ ഒഴിവാക്കാനാകും. കഴിഞ്ഞ മാസമായിരുന്നു താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നത്.

അമ്മയായതിന് ശേഷം അപൂർവ്വമായി മാത്രമാണ് നടി ആലിയ ഭട്ട് ചിത്രങ്ങൾ പങ്കുവയ്‌ക്കാറുള്ളത്. ഇപ്പോഴിതാ പ്രസവശേഷമുള്ള ദിനങ്ങളെക്കുറിച്ചും വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും പഴയപടിയാക്കുന്നതിനെക്കുറിച്ചും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി. തലകുത്തി കൈകൂപ്പി നിൽക്കുന്ന വ്യായാമ മുറയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ആലിയ മനസ് തുറന്നത്.

”ഒന്നര മാസത്തെ പോസ്റ്റ്-പാർട്ടത്തിന് ശേഷം പതിയെ തിരിച്ചുവരികയാണ്. ഗുരു അനുഷ്‌കയാണ് വഴികാട്ടുന്നത്. ഈയടുത്ത് അമ്മയായി മാറിയ എല്ലാ സ്ത്രീകളോടും പറയാനുള്ളത് ഇതാണ്. പ്രസവ ശേഷം നിങ്ങളുടെ ശരീരത്തെ ‘കേൾക്കണം’. ശരീരത്തിന് പറയാനുള്ളത് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചെയ്യരുതെന്ന് തോന്നുന്ന ഒന്നും തന്നെ ചെയ്യാൻ ശ്രമിക്കരുത്. വ്യായാമം ചെയ്യാൻ ആരംഭിച്ച ആദ്യത്തെ രണ്ടാഴ്ച ഞാൻ ചെയ്തത് വെറും ബ്രീത്തിങ് മാത്രമാണ്. വെറുതെ നടക്കുകയും ചെയ്യും. ബാലൻസ് തിരികെ ലഭിക്കുന്നത് വരെ അത് തുടർന്നു.. നിങ്ങൾ സമയമെടുത്ത്, നിങ്ങളുടെ ശരീരത്തിന് വേണ്ടുവോളം സമയം കൊടുത്താണിതെല്ലാം ചെയ്യേണ്ടത്.

നിങ്ങളുടെ ശരീരത്തിന് സാധിച്ച പ്രവൃത്തി ചെറിയ കാര്യമല്ല. അതിനാൽ ശരീരത്തെ സ്വയം അഭിനന്ദിക്കുക. ഈ വർഷം എന്റെ ശരീരം ചെയ്ത കാര്യത്തിന് ശേഷം ഒന്ന് ഞാൻ ഉറപ്പിച്ചു. ഒരിക്കലും ശരീരത്തെ നോവിക്കുന്ന രീതിയിൽ ഒന്നും ചെയ്യില്ല. ഏത് രീതിയിൽ ചിന്തിച്ചാലും പ്രസവമെന്നത് ഒരു അത്ഭുതം തന്നെയാണ്. അതിനാൽ ആ ശരീരത്തിന് സ്‌നേഹവും പരിചരണവും പിന്തുണയും വേണ്ടുവോളം നൽകണം. ഓരോ ശരീരവും വ്യത്യസ്തമാണ്. അതിനാൽ വ്യായാമം ഉൾപ്പെടുന്ന എന്തുചെയ്യുന്നതിന് മുമ്പും ആദ്യം ഡോക്ടറെ സമീപിക്കുക. ” ഇതായിരുന്നു ആലിയാ ഭട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.