പ്രണവിനെ പോലൊരു മനുഷ്യനെ തന്നതിന് നന്ദി; മോഹൻലാലിനോടും സുചിത്രയോടും അൽഫോൺസ് പുത്രൻ

പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ അൽഫോൺസ്‌ പുത്രൻ. പ്രണവിനൊപ്പമുള്ള ആദ്യ കൂടിക്കാഴ്ച പങ്കുവെച്ചുകൊണ്ടാണ് അൽഫോൺസ് പുത്രൻ നടന് പിറന്നാൾ ആശംസകൾ നേർന്നത്. പ്രണവിനെപ്പോലൊരു മനുഷ്യനെ തന്നതിന് മോഹൻലാലിനും സുചിത്രയ്ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

പിറന്നാൾ ആശംസകൾ പ്രണവ് മോഹൻലാൽ. ഈ വർഷവും ഇനി വരുന്ന വർഷങ്ങളും സുന്ദരവും സമൃദ്ധവുമാകട്ടെ. എന്റെ ഓഫീസിൽ കമ്പി പൊട്ടിയ ഒരു ഗിറ്റാർ ഉണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ സഹപ്രവർത്തകർ ആ ഗിറ്റാർ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒരു സിനിമയുടെ കാര്യത്തിനായി പ്രണവിനെ കാണണം എന്നുണ്ടായിരുന്നു. സിജു വിൽസണോ കൃഷണശങ്കറോ മറ്റോയാണ് വിളിച്ചത്. ഞാൻ അദ്ദേഹത്തെ കണ്ടു സംസാരിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ ഗിറ്റാർ എടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരം തന്നെയായിരുന്നു. അന്ന് അദ്ദേഹം എന്നെ ഒരു പാഠം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിന് വരെ സംഗീതം സൃഷ്ടിക്കാൻ സാധിക്കും. ഉപകാരണംമല്ല മറിച്ച് അത് ഉപയോഗിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. മോഹൻലാൽ സർ, സുചിത്ര മാഡം പ്രണവിനെ പോലൊരു മനുഷ്യനെ തന്നതിന് നന്ദി‘, അൽഫോൺസ് പുത്രൻ കുറിച്ചു.

ബാലതാരമായാണ് പ്രണവ് മോഹൻലാൽ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടർന്ന് പുനർജനനി എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു. ചിത്രത്തിലെ പ്രകടനത്തിലൂടെ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും പ്രണവ് നേടി.

2018ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി നായകനായി അഭിനയിച്ചത്. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിദ്ധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.